പാലക്കാട്: പുതുതായി വന്ന രാഷ്ട്രീയപാർട്ടികളെ കൂടി ഉൾക്കൊണ്ട് എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന യു.ഡി.എഫിന്റെ മുദ്രാവാക്യം, അഴിമതിക്ക് ഒരു വോട്ട് എന്ന് തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി സംബന്ധിച്ച് പറയാനുള്ള യാതൊരു അവകാശവും യു.ഡി.എഫിനില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ യാതൊരു അഴിമതി ആരോപണവും വന്നിട്ടില്ല.
പാലക്കാട് നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ സാധിക്കാത്തത് സി.പി.എം ഇടപെടൽ മൂലമെന്ന ബി.ജെ.പി ആരോപണം വാസ്തവ വിരുദ്ധമാണ്. ജനങ്ങളുടെ പ്രശ്നത്തിൽ എപ്പോഴും സി.പി.എം ഇടപെടും. യു.ഡി.എഫും ബി.ജെ.പിയും ഭരിക്കുമ്പോൾ നഗരവാസികൾ ഒരുപോലെ ദുരിതമനുഭവിക്കുന്നു. അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിലുണ്ടാവും.
നഗരസഭയിൽ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. ലോക്‌സഭാ ഫലം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.
മണ്ണൂർ, കുമരംപുത്തൂർ പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി തർക്കം ഉള്ളത്. ഘടക കക്ഷികൾ എല്ലാവരെയും പരിഗണിക്കാൻ സാധിക്കില്ല. തർക്കമുള്ളടത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.