ഈ സർക്കാർ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി. ഒരാഴ്ച മുമ്പ് കൊച്ചി - മംഗലാപുരം ഗെയ്ൽ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയാക്കി. ഇത് അടുത്തമാസം കമ്മിഷൻ ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് പാലക്കാട്ടെ ജനത കാതോർത്തത്.
പൈപ്പിലൂടെ അടുക്കളകൾക്ക് പാചകവാതകവും വാഹനങ്ങൾക്ക് ഇന്ധനവും നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്ന് ബാംഗ്ലൂരിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാർ വരെയെത്തിയാൽ പാലക്കാട്ടുകാർക്കും വാതകം ലഭിക്കും. കൊച്ചി - മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായ 94 കിലോമീറ്റർ ദൈർഘ്യമുള്ള കൂറ്റനാട് - വാളയാർ ലൈനിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായെങ്കിലും ലൈൻ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അഞ്ചിടത്തെ സബ് സ്റ്റേഷനുകളുടെ നിർമ്മാണവും ഡിസംബറോടെ പൂർത്തിയാകുമെന്നാണ് ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി വ്യക്തമാക്കുന്നത്. തൃശൂർ ജില്ലയിലെ ദേശമംഗലം, പാലക്കാട് ജില്ലയിലെ വാണിയംകുളം, ലെക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ എന്നിവിടങ്ങളിലാണ് സബ് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഈ ലൈൻ വാളയാറിൽ അവസാനിക്കും. വാളയാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ വിതരണ ശൃംഖലയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ നിന്നാണ് പാലക്കാട് നഗരത്തിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പാചകവാതക വിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കുക.
പ്രധാന ലൈനിന്റെ ഭാഗമായ കൂറ്റനാട് സ്റ്റേഷന്റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റു സ്റ്റേഷനുകളുടെ നിർമ്മാണം ജനുവരിയോടെ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്ന് പറയുമ്പോഴും ചില ആശങ്കകൾ ബാക്കിയാണ്. രണ്ടാംവിളയ്ക്കുള്ള ജലസേചനത്തിന്റെ ഭാഗമായി കനാൽ തുറന്ന് കൃഷിയിടങ്ങളിലേക്കു വെള്ളം എത്തി തുടങ്ങിയാൽ ജോലികൾ വീണ്ടും നീളാനുള്ള സാദ്ധ്യതയുണ്ട്.
തുടക്കം നഗരത്തിൽ
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൈപ്പ് വഴി വാതകം എത്തിക്കുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്. ഗെയ്ൽ പൈപ്പ് ലൈനിൽ മലമ്പുഴ കനാൽ പിരിവ് ഭാഗത്ത് കണക്ടിവിറ്റി പോയിന്റ് (വാതകം കൈമാറാനുള്ള സ്ഥലം) സ്ഥാപിച്ചാണു സിറ്റി ഗ്യാസ് പദ്ധതിക്കായി വാതകം എത്തിക്കുക. പാലക്കാട് നഗരപരിധിയിലായിരിക്കും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി നഗരപ്രദേശത്ത് നാല് ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കും. അദാനി ഗ്രൂപ്പാണ് വിതരണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തെ മാതൃകയാക്കാൻ തമിഴ്നാടും
വളരെ വേഗം നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ. ഏറെ ലാഭകരവും അപകടരഹിതവുമായ വാതക പൈപ്പ് ലൈൻ പദ്ധതി പ്രതിസന്ധികൾ തരണം ചെയ്താണ് കേരളം പൂർത്തിയാക്കിയത്. അതേ മാതൃക നടപ്പാക്കാനാണ് തമിഴ്‌നാട് സർക്കാരും പദ്ധതിയിടുന്നത്.
കേരളത്തിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. വാളയാറിൽ നിന്നാണ് തമിഴ്‌നാട്ടിലേക്കുള്ള പൈപ്പ് ലൈൻ തുടങ്ങുക. ഇതിനായി വാളയാർ സംസ്ഥാന അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ദൂരം പുഴകടന്ന് പൈപ്പ് ലൈൻ നീട്ടാനാണ് തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. പിച്ചന്നൂർ, കെ.ജി ചാവടി പ്രദേശത്ത് സ്ഥലം ഏറ്റെടുക്കാൻ കോയമ്പത്തൂർ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്, ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ് .
വാതക പൈപ്പ് ലൈൻ വലിയ അപകടമുണ്ടാക്കുമെന്നും അതിനാൽ പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ പദ്ധതി വിജയിച്ചതോടെ ജനങ്ങളുടെ എതിർപ്പ് മാറി. ആദ്യഘട്ടത്തിൽ വാളയാറിൽ നിന്ന് ഈറോഡ്, സേലം എന്നിവിടങ്ങളിൽ ലൈൻ സ്ഥാപിക്കും. തുടർന്ന് തമിഴ്‌നാട് മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നാൾവഴികൾ
ഗെയ്ൽ പൈപ്പ് ലൈൻ കേരളത്തിലൂടെ കടന്നുപോകുന്നത് 510കിലോ മീറ്ററാണ്. ഇതിൽ 470 കിലോ മീറ്റർ ലൈൻ സ്ഥാപിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. പദ്ധതിക്കായി ഏകജാലക അനുമതി നൽകിയത് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. 2012 ൽ യു.ഡി.എഫ് സർക്കാർ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പുമായുള്ള തർക്കം പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് 2013ൽ പദ്ധതി പൂർണമായും നിറുത്തിവച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ 2015ൽ ഗെയ്ൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങി. 2016ൽ പിണറായിസർക്കാർ നിലവിലെ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി വർദ്ധിപ്പിച്ച് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കി. ശേഷം കൊച്ചി മുതൽ മംഗലാപുരം വരെയുള്ള സെക്ഷനിൽ പുതിയ കരാർ നൽകി നിർമ്മാണം പുനരാരംഭിച്ചു. 2019ൽ തൃശൂർവരെയും ഈ കഴിഞ്ഞ ആഗസ്റ്റിൽ കണ്ണൂർ വരെയും ഗ്യാസ് എത്തിക്കാനും കഴിഞ്ഞു.
അടുത്തഘട്ടം കമ്മിഷൻ ചെയ്യുന്നതോടെ പാലക്കാട്ടേക്കും വാതകം എത്തുമെന്നത് ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.