election

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ ഇനി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങുകയാണ്. കൊവിഡ് കാലത്ത് നടക്കുന്ന തിര‌ഞ്ഞെടുപ്പിൽ വെർച്വൽ പ്രചാരണത്തിനും വലിയ പ്രാധാന്യമുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിട്ടുള്ള വോട്ടർമാരെ ലക്ഷ്യമിട്ടാണ് വെർച്വൽ പ്രചാരണ തന്ത്രമത്രയും.

ഒൗദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമാകുന്നതിന് മുമ്പുതന്നെ സൈബറിടങ്ങളിൽ ഉൾപ്പെടെയുള്ള പ്രചാരണ രീതികൾക്ക് മുന്നണികൾ അന്തിമ രൂപം നൽകി. അനിമേറ്റഡ് അനൗൺസ്‌മെന്റ്, ദൈർഘ്യം കുറഞ്ഞ പ്രചാരണ വീഡിയോ, ഡിജിറ്റൽ പോസ്റ്റർ എന്നിവയൊക്കെയാണ് മുന്നണികൾ സോഷ്യൽ മീഡിയയിൽ പയറ്റുന്ന സ്മാർട്ട് നമ്പർ. കൊവിഡിനെ തുടർന്ന് പരമ്പരാഗത പ്രചാരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും സ്ഥാനാർത്ഥി പട്ടികയിൽ യുവനിര കൂടുതലാണെന്നതുമാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണം.

ഡിജിറ്റൽ കാമ്പയിനിൽ ബി.ജെ.പിയും സി.പി.എമ്മുമാണ് മുന്നിൽ. യു.ഡി.എഫ് അല്പം പിന്നിലാണ്. വോട്ടർമാരെ നേരിൽകണ്ട് പരമ്പരാഗത വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് കോൺഗ്രസും ഘടക കക്ഷികളും. പലയിടത്തും സ്ഥാനാർത്ഥി നിർണയം വൈകിയതും സൈബറിടങ്ങളിൽ പിന്നോട്ടുപോകാൻ കാരണമായി.

മുന്നിൽ ബി.ജെ.പി.യും സി.പി.എമ്മും

ഇരുപാർട്ടിക്കാരുടെയും സോഷ്യൽ മീഡിയ ഉപയോഗം ദേശീയ തലത്തിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ബി.ജെ.പി സൈബർ വിംഗ് വെർച്വൽ പ്ലാറ്റ്ഫോം ആസൂത്രിതമായി ഉപയോഗിച്ചിരുന്നു. അത് ഇൗ തിരഞ്ഞെടുപ്പിലും തുടരും.

സി.പി.എം സൈബർ മൂവ്മെന്റ് എന്ന കൂട്ടായ്മയാണ് ഡിജിറ്റൽ പ്രചാരണത്തിന് ലീ‌ഡ് ചെയ്യുന്നത്. ഓരോ വാർഡിലും വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം നടക്കുന്നു. വികസന പ്രവർത്തനം വിശദീകരിക്കുന്ന വെബിനാറുകളും സംഘടിപ്പിക്കുന്നു.

ഏകോപനം രണ്ടുതട്ടിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലതലം വരെയുള്ള പ്രചാരണം സംസ്ഥാന നേതൃത്വമാണ് ഏകോപിപ്പിക്കുന്നത്. അവിടെ നിന്ന് ബൂത്ത് തലം വരെയുള്ള പ്രവർത്തന ചുമതല അതാത് ജില്ലാ കമ്മിറ്റികൾക്കാണ്. ഓരോ വാർഡുകളിലെയും പ്രശ്നങ്ങൾ വ്യത്യസ്തങ്ങളായതിനാൽ പൊതുവായ കാര്യങ്ങളിൽ മാത്രമാണ് സ്റ്റേറ്റ് കമ്മിറ്റി നിർദേശം നൽകുക. ബാക്കിയെല്ലാ കാര്യങ്ങളിലും അതാത് സ്ഥലത്തെ പ്രത്യേകത പരിഗണിച്ച് സ്വതന്ത്രമായി ചെയ്യാനനുമതിയുണ്ട്.