പാലക്കാട്: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പുതുശേരിയിൽ മുൻ പ്രസിഡന്റ് എൻ.ശ്രീദേവി 23-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത്.
2010-15ൽ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിച്ചപ്പോൾ പ്രസിഡന്റായിരുന്നു. 1987 മുതൽ മത്സര രംഗത്തുള്ള ഇവർ നാലുതവണ ജനപ്രതിനിധിയായി. 22-ാം വാർഡായ പുതുശേരിയിൽ നിന്ന് തുടർച്ചയായി മൂന്നുതവണ ജയിച്ചു. കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചപ്പോൾ ജില്ലാ കമ്മിറ്റിയിൽ പരാതി നൽകി. തുടർന്ന് ഒന്നാം വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തന്നെ തോല്പിക്കാൻ കോൺഗ്രസിലെ ചിലർ മനപൂർവം ശ്രമിച്ചെന്നാരോപിച്ച് അന്ന് ഡി.സി.സിക്ക് പരാതി നൽകി. ഇക്കുറിയും സീറ്റാവശ്യപ്പെട്ടെങ്കിലും മണ്ഡലം കമ്മിറ്റി നിഷേധിച്ചു. ഇതോടെയാണ് സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചത്.
നാലുതവണയിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നൽകരുതെന്ന നിർദേശ പ്രകാരമാണ് മാറ്റിനിറുത്തിയതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.