മണ്ണാർക്കാട്: ഒടുവിൽ സോഷ്യൽ മീഡിയ ഏറെ കൗതുകത്തോടെ കാത്തിരുന്ന ആ ഫോൺ കോളെത്തി. പള്ളിക്കുറുപ്പ് സ്വദേശി വേശുവമ്മയെ തേടിയാണ് താരരാജാവ് മോഹൻലാലിന്റെ ഫോണെത്തിയത്. 88 വയസുള്ള വേശുവമ്മ മോഹൻലാലിന്റെ കടുത്ത ആരാധികയാണ്. മോഹൻലാലിനെ കാണുകയെന്നത് ഏറ്റവും വലിയ ആഗ്രഹമാണെന്ന് വേശുവമ്മ പറയുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ വൈറലായി. ദുബായിലായിരുന്ന മോഹൻലാലിന്റെ ശ്രദ്ധയിൽ വീഡിയോ പതിഞ്ഞു. തുടർന്ന് മാനേജർമാർ മുഖേന വേശുവമ്മയെ കുറിച്ച് തിരക്കുകയും കൊച്ചുമകൻ വിനീഷിനെ വിളിച്ച് മുത്തശ്ശിയോട് വീഡിയോ കോളിൽ സംസാരിക്കാൻ താല്പര്യപ്പെടുകയുമായിരുന്നു. തുടർന്നാണ് മോഹൻലാൽ വീഡിയോ കോളിലൂടെ വേശുവുമായി സംസാരിച്ചത്.
വിശേഷങ്ങൾ ചോദിച്ചറിയുകയും ആരോഗ്യകാര്യം തിരക്കുകയും ചെയ്തു. നേരിൽ കാണാമെന്ന് കൂടി പറഞ്ഞാണ് പത്ത് മിനിറ്റിലേറെ നീണ്ട സംഭാഷണം അവസാനിപ്പിച്ചത്. വീഡിയോ കാളിലൂടെയാണെങ്കിലും തന്റെ ആരാധന പാത്രമായ മോഹൻലാലുമായി സംസാരിക്കാനായത് ഒരു സ്വപ്നം പോലെയാണ് വേശുവിന് തോന്നുന്നത്. ആഗ്രഹം മോഹൻ ലാലിലേക്കെത്തിക്കാൻ കാരണക്കാരായ സോഷ്യൽ മീഡിയയോട് ഏറെ നന്ദിയുണ്ടെന്നും മുത്തശ്ശി പറയുന്നു. മനസ് നിറഞ്ഞ സന്തോഷത്തോടെ വേശു കാത്തിരിക്കുകയാണ്. ലാലിന്റെ അടുത്ത സിനിമയ്ക്കായി.