paddy

 ഒന്നാംവിളയിൽ സംഭരിച്ചത് - 60,000 മെട്രിക് ടൺ നെല്ല്

 കർഷകർക്ക് കൊടുക്കാനുള്ള തുക- 164 കോടി

പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണവില ജില്ലയിലെ കർഷകർക്ക് അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഫെഡറൽ ബാങ്ക്, എസ്.ബി.ഐ എന്നിവയ്ക്കു പുറമേ കേരള ബാങ്കും കഴിഞ്ഞ ദിവസം സപ്ലൈകോയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതോടെയാണ് പരമാവധി വേഗത്തിൽ നെല്ല് വില കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചത്.

ജില്ലയിൽ ഭൂരിഭാഗം കർഷകർക്കും കേരള ബാങ്ക് ശാഖകളിലാണ് അക്കൗണ്ടുള്ളത്. അതിനാൽ, കേരള ബാങ്ക് കരാറിൽ ഒപ്പിട്ടത് കർഷകർക്ക് ഏറെ സഹായകമാകും. പണം ലഭിക്കാത്തതിനാൽ മിക്ക കർഷകരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇടത്തരം കർഷകരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ബാങ്ക് വായ്പയെടുത്തും മറ്റുമാണ് ഇവർ രണ്ടാംവിള കൃഷിപ്പണികൾ ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ ഒന്നാംവിളയിൽ ഇതുവരെ 60,000 മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 27.48 രൂപയാണ് നിലവിലെ സംഭരണവില. ഇതുപ്രകാരം 164 കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യാനുള്ളത്.

 രണ്ടാംവിള, ജലസേചനത്തിൽ ആശങ്കവേണ്ട

നിലവിൽ രണ്ടാംവിള നടീൽ പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്. ഇതിനായി കനാൽവഴിയുള്ള ജലസേചനവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഡാമുകളിൽ വെള്ളം ഉള്ളതിനാൽ ജലസേചനത്തിന് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പറഞ്ഞു. 114.51 മീറ്ററാണ് മലമ്പുഴ ഡാമിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. വാളയാർ- 202.46, മംഗലം- 77.25, പോത്തുണ്ടി- 106.89, ചുള്ളിയാർ- 152.42, മീങ്കര- 155.6, കാഞ്ഞിരപ്പുഴ- 97.25 എന്നിങ്ങനെയാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്.

 സപ്ലൈകോയും ബാങ്കുകളുമായുള്ള കരാർ സെപ്തംബറിലാണ് അവസാനിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്കുകൾ ഡയറക്ടർ ബോർഡ് യോഗം ചേരാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ബാക്കിയുള്ള ഏഴ് ബാങ്കുകൾ ബോർഡ് യോഗത്തിനു ശേഷം ധാരണാപത്രം ഒപ്പിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പി.കൃഷ്ണകുമാരി,

പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്