ചെർപ്പുള്ളശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിന് അങ്കം മുറുകുമ്പോൾ വേറിട്ട പ്രചരണവുമായി അടക്കാപുത്തൂർ സംസ്‌കൃതി. നാമനിദ്ദേശപത്രിക നൽകാതെ തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി വോട്ട് അഭ്യർത്ഥിക്കുകയാണ് സംസ്‌കൃതിയുടെ മുഖ്യപ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ. വൃക്ഷതൈ ചിഹ്നത്തിലുള്ള വോട്ടഭ്യർത്ഥന ഏറെ കൗതുകമായിരിക്കുകയാണ്.
നിലനിൽപ്പിന്റെ കാതലായ പ്രകൃതി സംരക്ഷണത്തിന് കക്ഷി രാഷട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോർക്കണമെന്ന് സംസ്‌കൃതി ആവശ്യപ്പെടുന്നു. മണ്ണ് - മരം - ജലം എന്നിവയുടെ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പദ്ധതികൾ, ചങ്ങാതികൂട്ടം പോലുള്ള ഏകദിന ശിൽപ്പശാലകൾ, ബോധവത്കരണ സെമിനാറുകൾ, ഔഷധവൃക്ഷ തോട്ടം, നക്ഷത്രവനം, ശലഭോദ്യാനം തുടങ്ങിയ പദ്ധതികൾ ഔദ്യോഗിക സംവിധാനങ്ഹളുടെ സഹകരണത്തോടെ സംസ്‌കൃതി നടപ്പിലാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്കും തോൽക്കുന്നവർക്കുമെല്ലാം ഈ രംഗത്ത് ഏറെ ചെയ്യാനാകും. വിജയിക്കുന്നവർക്ക് ഉത്തരവാദിത്വത്തോടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവുമെന്നും സംസ്‌കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ, കെ.ജയദേവൻ, എം.പി.പ്രകാശ് ബാബു, കെ.രാജൻ, എം.പരമേശ്വരൻ എന്നിവർ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തങ്ങളായ ആശയവുമായി പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താറുള്ള സംസ്‌കൃതി ഇത്തവണ സ്ഥാനാർത്ഥികളെ കൊണ്ട് വൃക്ഷ തൈകൾ നടീക്കുന്ന ' മെമ്പർക്കൊരു മരം ' എന്ന കാമ്പയിനു തുടക്കം കുറിച്ചിട്ടുണ്ട്.