പട്ടാമ്പി: വോട്ട് അഭ്യർത്ഥിക്കാൻ കിട്ടുന്ന അവസരങ്ങൾ മത്സരിച്ച് ഉപയോഗിക്കുന്ന മുന്നണികൾക്കെല്ലാം തന്റെ വീടിന്റെ മതിലിൽ ചുവരെഴുത്തിന് അനുമതിനൽകി വേറിട്ട മാതൃകയാവുകയാണ് പരിസ്ഥിതി പ്രവർത്തകനായ വനമിത്ര മോഹൻദാസ് ഇടിയത്ത്. പട്ടാമ്പി നഗരസഭ 22-ാം ഡിവിഷൻ നൈതേരി റോഡിലാണ് തിരഞ്ഞെടുപ്പുകാലത്തെ ഈ കൗതുകകാഴ്ച.
കൊവിഡിനെ തുടർന്നുണ്ടായ വറുതിയുടെ കാലത്ത് പ്രകൃതിയോട് ഇണങ്ങിയ പ്രചരണ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് മോഹൻദാസ് മുന്നണി വ്യത്യാസമില്ലാതെ എല്ലാവർക്കും ചുവരിൽ ഇടംനൽകിയത്. ഇടതു - വലതു മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരും വോട്ടഭ്യർത്ഥനയും ചുവരിൽ എഴുതിയതും ഒരാളുതന്നെയാണ് എന്നതും
സവിശേഷതയാണ്. മൂന്നുമുന്നണികളുടെയും ചുവരെഴുത്ത് ഒരേസ്ഥലത്ത് ഒന്നിച്ച് എഴുതാൻ കഴിഞ്ഞത് ഇതാദ്യമായാണെന്ന് ആർട്ടിസ്റ്റ് മണികണ്ഠൻ പറഞ്ഞു.
വൃക്ഷത്തൈകളുടെ തോഴനായ വീട്ടുടമസ്ഥൻ തന്റെ മതിലിൽ പരസ്യം ചെയ്യാൻ വന്ന മൂന്നുമുന്നണി പ്രവർത്തകർക്കും ഒരോ ഫലവൃക്ഷതൈകൾ സമ്മാനമായി നൽകിയാണ് യാത്രയാക്കിയത്.