തൃത്താല: കൂമ്പ്രതോട് ചിറ്റപ്പുറം പാലത്തിന് താഴെ ഷട്ടർ സ്ഥാപിക്കണമെന്നാവശ്യം ശക്തം. ഷട്ടർ സ്ഥാപിച്ച് ജലം സംഭരിക്കാൻ കഴിഞ്ഞാൽ പുളിയപ്പറ്റ കായലിലെ പുഞ്ചകൃഷിക്ക് ഏറെ ഉപകരിക്കുമെന്ന് കർഷർ പറയുന്നു.
വേനൽ കാലത്ത് പുഞ്ചകൃഷി ഇറക്കുന്ന പ്രധാന മേഖലയാണ് തൃത്താലയിലെ പുളിയപ്പറ്റ കായൽപ്രദേശത്തെ പാടശേഖരങ്ങൾ. ഓരോ വർഷവും പ്രദേശത്ത് 150 മുതൽ 200 ഏക്കർവരെ പുഞ്ചകൃഷി ചെയ്യാറുണ്ട്. കായലിനോട് ചേർന്നുള്ള കൂമ്പ്രതോടിൽ വേനൽകാലത്ത് വെള്ളം കുറയുന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഭാരതപ്പുഴയിൽ നിന്ന് വെള്ളമെടുത്താണ് നിലവിൽ കൃഷിക്ക് ഉപയോഗിക്കുന്നത്. പുഴയിലെ ജലനിരപ്പ് കുറഞ്ഞാൽ അത് കൃഷിയെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് കൂമ്പ്രതോട് ഭാരതപ്പുഴയിൽ ചേരുന്ന ചിറ്റപ്പുറം പാലത്തിന് താഴെ ഷട്ടർ സ്ഥാപിച്ച് ജലംസംഭരിക്കണം എന്ന ആവശ്യം ഉയർന്നത്. ഡിസംബർ മാസത്തോടെ കർഷകർ പുഞ്ചകൃഷിയ്ക്ക് നിലമൊരുക്കിത്തുടങ്ങും. കാലാവർഷം ആരംഭിക്കുന്നതിന് മുമ്പ് ഏപ്രിലോടെ വിളവെടുപ്പും നടക്കും. കൂമ്പ്രതോടിൽ ഷട്ടറും സമീപത്ത് പമ്പ്ഹൗസും സ്ഥാപിച്ചാൽ അധിക ചെലവില്ലാതെ കർഷകർക്ക് ജലസേചനത്തിന് സൗകര്യം ലഭിക്കും.
നിലവിൽ തോട്ടിലേക്ക് വെള്ളം ഒഴുക്കികളഞ്ഞാൽ നേരെ ചെന്നെത്തുന്നത് പുഴയിലേക്കാണ്. ഷട്ടർ സ്ഥാപിച്ചാൽ ഈ വെള്ളം തടഞ്ഞുനിർത്തി ആവശ്യമെങ്കിൽ പുനഃരുപയോഗിക്കാമെന്നും കർഷകർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.