അഗളി: സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം കാരണം ഒരു വിഭാഗം വിമതരായത് ഷോളയൂരിൽ കോൺഗ്രസിന് തലവേദനയാകുന്നു. അട്ടപ്പാടിയിലാകെ കോൺഗ്രസിന് വിമത ശല്യമുണ്ടെങ്കിലും ഏറെ പരസ്യമായി പ്രകടമാകുന്നത് ഷോളയൂരിലാണ്.
യുവാക്കൾക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ച മൈനോരിറ്റി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മാതാവാണ് 11-ാം വാർഡ് ചുണ്ടകുളത്ത് കോൺഗ്രസിനെതിരെ മത്സര രംഗത്തുള്ളത്. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് അദ്ധ്യക്ഷനുമായ അംഗത്തിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ച അംഗം ഒമ്പതാം വാർഡ് കോഴിക്കൂടത്തിൽ സ്വതന്ത്രനാണ്. ആനക്കട്ടി ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കാൻ ഉദ്ദേശിച്ച നേതാവിന്റെ പത്രിക തള്ളിയതും തിരിച്ചടിയായി. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയായ പിതാവിന് ഇതോടെ നറുക്ക് വീണു.
കോൺഗ്രസ് ഉപസമിതിയുടെ അംഗീകാരത്തോടെ പത്രിക സമർപ്പിച്ച് ചിറ്റൂർ ബ്ലോക്ക് വാർഡിൽ പ്രചരണം നടത്തിയ വനിതാ സ്ഥാനാർത്ഥിയെ ഡി.സി.സി വെട്ടിമാറ്റി പകരം മണ്ഡലം കോൺഗ്രസ് വനിതാ അദ്ധ്യക്ഷയെ മത്സര രംഗത്തേക്ക് കൊണ്ടുവന്നതും അണികളെ രണ്ടുതട്ടിലാക്കി. വെട്ടിമാറ്റിയ വനിതാ സ്ഥാനാർത്ഥി ഇവിടെ സ്വതന്ത്രയായി മത്സരിക്കുന്നു.
പഞ്ചായത്ത് അഞ്ചാം വാർഡ് കടമ്പാറയിലും വിമത സ്ഥാനാർത്ഥിയുണ്ട്. ഒരു വിഭാഗം മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും തിരിച്ചടിയായി.