കൊഴിഞ്ഞാമ്പാറ: കൊവിഡ് പശ്ചാത്തലത്തിൽ തിരെഞ്ഞടുപ്പിനോടനുബന്ധിച്ചുള്ള റാലിക്കും ആൾക്കൂട്ടത്തിനും നിയന്ത്രണമേറെയെങ്കിലും പ്രചാരണം വർണാഭമാക്കാൻ തമിഴ്നാട്ടിൽ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികൾ വൻതോതിലെത്തുന്നു. കൊടികളും പാർട്ടി ചിത്രം ആലേഖനം ചെയ്ത മാസ്‌കുകളും കീരിടവും തലപ്പാവും തൊപ്പിയും കുടയുമെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്.
അതിർത്തിയോട് ചേർന്നുള്ള കൊഴിഞ്ഞമ്പാറ, പുതുശേരി, പെരുമാട്ടി, മുതലമട എന്നിവിടങ്ങളിലെല്ലാം ഇവയുടെ വില്പന പൊടിപൊടിക്കുകയാണ്. കൊടികൾക്കും മാസ്‌കുകൾക്കുമാണ് ആവശ്യക്കാരേറെ. പലപ്പോഴും അണികൾ ആവശ്യപ്പെടുന്ന തരത്തിൽ സാമഗ്രികൾ കൊടുക്കാൻ സാധിക്കുന്നില്ലെന്ന് വ്യാപികൾ പറയുന്നു. വില്പന വർദ്ധിച്ചതോടെ തമിഴ്നാട്ടിലേക്ക് കൂടുതൽ ഓർഡറും പോകുന്നുണ്ട്.
കൊവിഡിനെ തുടർന്ന് പല സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിക്കാത്തത് ക്ഷാമത്തിന് കാരണമാകുന്നു. ശിവകാശി, കോയമ്പത്തൂർ, ചെന്നൈ. തിരുപ്പൂർ, സൂററ്റ്, ഹൈദരാബാദ്, എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്.
കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ തുണി വ്യാപാരികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ വില്പന സാമ്പത്തിക നില മെച്ചപ്പെടുത്തമെന്ന പ്രതീക്ഷയാണുള്ളത്.