പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ചയോടെ മത്സര ചിത്രത്തിന് കൂടുതൽ വ്യക്തത കൈവരും. പ്രാദേശിക വിഷയങ്ങൾക്കപ്പുറം കേന്ദ്ര-സംസ്ഥാന രാഷ്ടീയവും അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം ചർച്ചയാക്കി മുന്നണികൾ പോരാട്ടം തുടരുകയാണ്.
ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി 1943 സീറ്റുകളിലേക്ക് സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ 13544 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ 30 ഡിവിഷനുകളിലേക്ക് 177ഉം ബ്ലോക്കുകളിലെ 183 വാർഡുകളിലേക്ക് 1211ഉം ഗ്രാമപഞ്ചായത്തുകളിലെ 1490 വാർഡുകളിലായി 10407ഉം നഗരസഭകളിൽ 240 വാർഡുകളിലേക്ക് 1749 പേരുമാണ് സ്ഥാനാർത്ഥികളായി കളത്തിലുള്ളത്.
സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫിന് സ്ഥാനാർത്ഥികളെ നഷ്ടമായതോടെ ഇവിടെ പോരാട്ടം എൽ.ഡി.എഫും എൻ.ഡി.എ.യും തമ്മിലായി. മണ്ണാർക്കാട് വടക്കേക്കരയിൽ യു.ഡി.എഫിലെ സതീശൻ താഴേത്തതിലിന്റെ പത്രിക ഒപ്പിടാത്തതിന്റെ പേരിലും പാലക്കാട് നഗരസഭ 50ാം വാർഡിൽ വി.ആർ.കുട്ടന്റെ പത്രിക വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിന്റെ പേരിലുമാണ് തള്ളിയത്. രണ്ടിടത്തും ഡമ്മി സ്ഥാനാർഥികളെ നിറുത്തിയതുമില്ല. ഈ വാർഡുകളിൽ യു.ഡി.എഫ് വോട്ട് എതിരാളികൾക്ക് നിർണായകമാകും.
തലവേദനയായി വിമതർ
ഇതിന് പുറമേ പല വാർഡുകളിലുും വിമതർ മൂന്ന് മുന്നണികൾക്കും തലവേദന സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ മുന്നണി സമവാക്യങ്ങളിൽ പോലും പ്രത്യക്ഷമായി വിള്ളൽ വീണതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ഇരട്ടിച്ചു. സമവായത്തിലൂടെ വിമതരെ ഒഴിവാക്കാനുള്ള ചർച്ച രാപ്പകൽ ഭേദമന്യേ നടക്കുന്നുണ്ട്. നാളെപരമാവധി വിമതരെ പിൻവലിച്ച് സീറ്റ് നിലനിറുത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അവസാന പരിശ്രമത്തിലാണ് മുന്നണി നേതൃത്വം.