election

ചിറ്റൂർ: നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിൽ വ്യാജ ഒപ്പിട്ട് നൽകിയെന്ന് പരാതി. വിദേശത്ത് താമസിക്കുന്ന ആളുടെ ഉൾപ്പെടെ മൂന്ന് വാർഡുകളിലാണ് വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടക്കുന്ന തർക്കത്തിനിടെയാണ് പത്രികയിൽ കൃത്രിമം നടന്നതായി ആരോപണമുയർന്നത്.

ചിറ്റൂരിലെ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് വിഷയം പുറത്തുകൊണ്ടുവന്നതും. സ്ഥാനാർത്ഥിയെ പിന്താങ്ങുന്നതായി വാർഡിലെ ഒരു വോട്ടറുടെ ഒപ്പ് വേണം. എന്നാൽ 21 കോളജ്, 24 തുമ്പിച്ചിറ, 28 ഗ്രാമം വാർഡുകളിൽ കോൺഗ്രസിനെതിരെ മത്സര രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വോട്ടർമാരുടെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിച്ചതെന്നാണ് പരാതി. ഇതിൽ വിദേശത്ത് ജോലി ചെയ്യുന്ന ആളുടെ വ്യാജ ഒപ്പിട്ടാണ് ഒരു പത്രിക സമർപ്പിച്ചത്. ഫെബ്രുവരി മുതൽ ദുബായിൽ താമസിക്കുന്ന തത്തമംഗലം സ്വദേശി ശ്രീറാമിന്റെ ഒപ്പാണ് വ്യാജമായി ഇട്ടത്. ഇത് സംബന്ധിച്ച് എൻ.ആർ.ഐ സെൽ മുഖേന പൊലീസിൽ പരാതി നൽകിയതായി ശ്രീറാം അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. 21, 24 വാർഡുകളിലെ വിമത സ്ഥാനാർത്ഥികളായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എൻ.ജിതേഷ്, സേവ ദൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി രതീഷ് ബാബു, മുൻ ചെയർമാൻ കെ മധുവിനെതിരെ മത്സര രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപകുമാർ എന്നിവർ സമർപ്പിച്ച പത്രികയിലാണ് കൃത്രിമം നടന്നതായി പരാതി ഉയർന്നത്. ഇരുവരെയും പിന്താങ്ങുന്നതായുള്ള വാർഡിലെ വോട്ടർമാരായ സജീഷ്, ഷാജഹാൻ, ശ്രീരാം എന്നിവരുടെ വ്യാജ ഒപ്പിട്ട് പത്രിക സമർപ്പിക്കുകയായിരുന്നു.

വ്യാജരേഖ ചമച്ചതിന് വിമത സ്ഥാനാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മ പരിശോധനയ്ക്കിടെ പരാതി ഉയരാത്തതിനാൽ വിമത സ്ഥാനാർത്ഥികളുടെയും പത്രിക സ്വീകരിക്കുകയായിരുന്നെന്നും സ്ഥാനാർതിത്ഥ്വം സ്വീകരിച്ച ശേഷമുള്ള പരാതികളിൽ നടപടിയെടുക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് അധികാരമില്ലെന്നും പരാതിക്കാർക്ക് തുടർ നടപടിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നും റിട്ടേണിംഗ് ഓഫീസർ പി.കൃഷ്ണൻ പറഞ്ഞു.