kanthari-chilly
മണികണ്ഠനും കുടുംബവും കൃഷിയിടത്തിൽ

ചിറ്റൂർ: കാന്താരിമുളക് കൃഷിയിൽ നൂറ്മേനി വിളയിച്ച് ശ്രദ്ധേയമാവുകയാണ് നല്ലേപ്പിള്ളി മൂച്ചിക്കുന്നിലെ മണികണ്ഠൻ. തന്റെ 15 സെന്റ് സ്ഥല നട്ടിട്ടുള്ള 250ൽപ്പരം കാന്താരി മുളക് ചെടികളുടെ വിളവെടുപ്പ് തിരക്കിലാണ് ഈ യുവ കർഷകൻ.

നന്നായി ഉഴുതുമറിച്ച പറമ്പിൽ ഒന്നരയടി അകലത്തിലും ഒന്നരയടി വീതിയിലും സമചതുരത്തിൽ ചെറിയകുഴിയെടുത്താണ് ചെടികൾ നട്ടത്. കാലിവളം ഉൾപ്പെടെയുള്ള ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്.

ചെടികൾ ഏകദേശം രണ്ടരയടി ഉയരത്തിലെത്തുമ്പോൾ തന്നെ പൂത്ത് കായ്ക്കാൻ തുടങ്ങും. വിളവെടുപ്പ് തുടങ്ങിയാൽ ആഴ്ചയിൽ രണ്ടുദിവസം മുളക് പറിച്ചെടുക്കും. പറിച്ചെടുക്കുന്ന ജോലി ഏറെ ശ്രമകരമാണെന്നാണ് മണികണ്ഠന്റെ കുടുംബം പറയുന്നത്.

മണികണ്ഠന്റെ കൃഷിയിടത്തിൽ മൂന്നു സ്ത്രീ തൊഴിലാളികളെ കൂടാതെ മണികണ്ഠനും ഭാര്യയും സഹായത്തിന് ഒപ്പം കൂടും. ഒരാൾ ഒരുദിവസം രണ്ടുകിലോ വരെ മുളക് പറിച്ചെടുക്കും. നന്നായി വളർന്ന ചെടിയിൽ നിന്ന് ഒന്നര മുതൽ രണ്ട് കിലോവരെ മുളക് ലഭിക്കും. ഇത്തരത്തിൽ ആഴ്ചയിൽ രണ്ടുതവണ വിളവെടുക്കാം. ഒരു സീസണിൽ കുറഞ്ഞത് രണ്ടു മുതൽ രണ്ടര മാസംവരെ വിളവെടുക്കാൻ കഴിയും. ഒരുതവണ നട്ട ചെടി വെള്ളം നനച്ച് സംരക്ഷിച്ചാൽ 3 വർഷം വരെ തുടർച്ചയായി വിളവെടുക്കാനാകുമെന്നും മണികണ്ഠൻ പറയുന്നു.

കാന്താരി മളകുകൾ കൊടുവായൂർ, പാലക്കാട്, വടക്കഞ്ചേരി മാർക്കറ്റുകളിലേക്കാണ് വില്പനയ്ക്ക് എത്തിക്കുന്നത്. മാർക്കറ്റിൽ 1000 മുതൽ 1200 രൂപ വരെ വിലയുണ്ടെങ്കിലും കർഷകന് 600 മുതൽ 800 രൂപ വരെയാണ് ലഭിക്കുന്നത് . ഈ തുക ലഭിച്ചാലും ചെലവ് കഴിഞ്ഞ് 500 രൂപയെങ്കിലും ഒരു കിലോയ്ക്ക് ലാഭം ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ 15 സെന്റ് സ്ഥലത്തു നിന്നും മുപ്പതിനായിരം രൂപയെങ്കിലും ആദായം ലഭ്യമാകുന്നുണ്ടെന്ന് മണികണ്ഠനും ഭാര്യ അനിതയും പറയുന്നു.

രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ആയ്യൂർവേദ വിധിപ്രകാരമുള്ള ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന കാന്താരിമുളകിന് ഗൾഫ് നാടുകളിലും ആവശ്യക്കാർ ഏറെയാണ്.