banana

വടക്കഞ്ചേരി: നേന്ത്രക്കായ വിലയിടിവിൽ നടുവൊടിഞ്ഞ് ജില്ലയിലെ വാഴ കർഷകർ. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തി, വന്യജീവിശല്യങ്ങളെയും അതിജീവിച്ച് വിളവെടുത്ത ഉത്പന്നം വിപണിയിലെത്തിച്ചാൽ കർഷകന് കിട്ടുന്നത് തുച്ഛമായ തുക. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെയാണ് നിലവിൽ നേന്ത്രക്കായയുടെ മാർക്കറ്റ് വില.

ഒരുകിലോ നേന്ത്രക്കായ്ക്ക് 16 മുതൽ 19രൂപവരെയാണ് കർഷകന് ലഭിക്കുന്നത്. അഞ്ചുകിലോ 100 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ നേന്ത്രപഴം വില്ക്കുന്നത്. ഓണ സീസണു ശേഷം ആവശ്യക്കാർ കുറയുന്നതോടെ നേന്ത്രകായ്ക്ക് അല്പം വില കുറയുന്നത് പതിവാണ്. ഒരുമാസത്തിനുള്ളിൽ വില സാധാരണ നിലയിലേക്ക് എത്താറുണ്ടെങ്കിലും ഇത്തവണ ആ പതിവ് തെറ്റി. ഒരു കിലോയ്ക്ക് കർഷകന് ശരാശരി 30 രൂപയിലധികം വില ലഭിക്കേണ്ടിടത്താണ് 50 ശതമാനത്തോളം വിലയിവ് രേഖപ്പെടുത്തുന്നത്. വി.എഫ്.പി.സി.കെ പോലുള്ള സർക്കാർ സംവിധാനങ്ങൾക്കും വിലയിടിവ് നിയന്ത്രിക്കാനായി കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല. നവംബർ മാസത്തിൽ സർക്കാർ നിശ്ചയിച്ച താങ്ങു വിലയായ 25 രൂപ പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

 പ്രാദേശിക ഉത്പാദനം വർദ്ധിച്ചു

ഒരു നേന്ത്രവാഴയിൽ എട്ടു മുതൽ 15കിലോവരെ തൂക്കമുള്ള കുലകളാണ് ലഭിക്കാറുള്ളത്. ഓണ സീസൺ കഴിയുന്നതോടെ ജില്ലയിലെ വാഴത്തോട്ടങ്ങളിൽ ഉത്പാദനം കുറയും. തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും എത്തുന്ന കുലകലാണ് പിന്നീട് വിപണി നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇത്തവണ പ്രാദേശിക തലത്തിൽ ഉത്പാദനം വർദ്ധിച്ചത് കൂടുതൽ കുലകൾ മാർക്കറ്റിലേക്ക് എത്താൻ കാരണമായി. ഇതോടെ വിലയും ഇടിഞ്ഞു.

 ചിപ്സിനും ഉപ്പേരിക്കും പൊള്ളുംവില

ബേക്കറികളിൽ വിൽക്കുന്ന ചിപ്സിന് ഇപ്പോഴും 200 മുതൽ 320 വരെ വിലയുണ്ട്. ശർക്കര ഉപ്പേരിക്ക് 230- 260 രൂപയും. എന്നിട്ടും നേന്ത്രവാഴ കർഷകർക്ക് മാത്രം പറയാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രം. ഉത്പാദന ചെലവിന്റെ പതുകിപോലും ലഭിക്കാത്തത് കർഷകരെ കൂടുതൽ സാമ്പത്തിക ബാദ്ധ്യതയിലേക്ക് കൊണ്ടെത്തിക്കുമെന്നതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. നിലവിൽ 15 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. അത് 30 രൂപയായി ഉയർത്തിയില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.