പാലക്കാട്: കൊവിഡ് പ്രതിസന്ധി മൂലം ഏഴുമാസം മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ജൂലായിൽ പുനഃരാരംഭിച്ചിട്ടും ജനുവരി മുതലുള്ള ലേണേഴ്‌സ് ഫയലുകൾ തീർപ്പാക്കൽ നീളുന്നു.
ലോക്ക് ഡൗണിന് മുമ്പപേക്ഷിച്ച ലേണേഴ്‌സ് ലൈസൻസുകളുടെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ ആർ.ടി.ഒ ഓഫീസുകളിൽ 1500ഓളം ഫയലുകളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ശതമാനമാക്കിയിട്ടും ഫയലുകളുടെ എണ്ണത്തിലിൽ കുറവില്ലാത്തതിനാൽ പുതിയ സർക്കുലർ ഇറക്കി. ഇതുപ്രകാരം രാവിലെയും ഉച്ചയ്ക്കും ടെസ്റ്റ് നടത്തിയാണ് ഇത്തരം ഫയലുകൾ തീർപ്പാക്കേണ്ടത്. ജില്ലയിലെ ആറ് താലൂക്കുകളിൽ പാലക്കാട് 120ഉം മറ്റ് താലൂക്കുകളിൽ 60ഉം ടെസ്റ്റുകളാണ് പ്രതിദിനം നടത്തിയിരുന്നത്. കൊവിഡിനു ശേഷം ഇത് പാലക്കാട് 60ഉം മറ്റ് താലൂക്കുകളിൽ 30ഉം ആയി കുറച്ചു. എന്നാൽ പാലക്കാട് പ്രതിദിനം 30 ടെസ്റ്റാണ് നിലവിൽ നടത്തുന്നത്. കൂടാതെ പുതുക്കിയ സർക്കുലർ പ്രകാരം ഉച്ചകഴിഞ്ഞുള്ള ടെസ്റ്റില്ലെന്ന് ഡ്രൈവിംഗ് സ്കൂളുകൾ പറയുന്നു.
പ്രതിസന്ധി
പഴയ ഫയലുകൾ തീർപ്പാക്കാൻ ബാക്കിയുള്ളതിനാൽ ജൂലായിയിൽ അപേക്ഷിച്ച പുതിയ ലേണേഴ്സുകാരും പ്രതിസസന്ധിയിലാണ്. ഇവർക്ക് നിലവിൽ 2021 ജനവരി 19ന് ശേഷമാണ് ടെസ്റ്റിനുള്ള തീയ്യതി ലഭിക്കുന്നത്.
-എം.ജി.പ്രദീപ് കുമാർ, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ, ജില്ലാ പ്രസിഡന്റ്.
ടെസ്റ്റ് കൂട്ടും
6000 പഴയ ഫയലുകൾ തീർപ്പാക്കി വരികയാണ്. രണ്ട്. എം.വി.ഐ.മാരാണ് ഇത്രയും ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റ് എണ്ണം കൂട്ടി പ്രശ്നം പരിഹരിക്കും.
-ആർ.ടി.ഒ, പാലക്കാട്.