വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്ന് മണ്ണുനീക്കം ചെയ്യുന്നതിന്റെ ഭാഗമായി സംയുക്ത സർവേ ആരംഭിച്ചു.
ഇറിഗേഷൻ വകുപ്പും കരാറെടുത്ത ദർത്തി കമ്പനിയുമാണ് ബോട്ടിൽ സഞ്ചരിച്ച് അന്തിമ സർവേ നടത്തുന്നത്.
മുമ്പ് പലതവണ നടത്തിയിട്ടുള്ള സർവേയിൽ നിന്ന് വ്യത്യസ്തമായി മണ്ണ് അടിഞ്ഞുകൂടിയ പ്രദേശങ്ങളിൽ മാറ്റമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. ആദ്യത്തെ ഡാറ്റകളുമായി ഇപ്പോൾ കിട്ടുന്ന കണക്കുകളും താരതമ്യം ചെയ്താകും മണ്ണിന്റെ തോത് തീരുമാനിക്കുക.
35% മണൽ
2.95 ദശലക്ഷം ഘനമീറ്റർ മണ്ണുനീക്കം ചെയ്യാനാണ് നേരത്തെയുള്ള തീരുമാനം. രണ്ടുമീറ്റർ ആഴത്തിലാണ് മണ്ണെടുക്കുക. മണ്ണിൽ 35% മണലാണെന്നാണ് കണ്ടെത്തൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞേ മണ്ണെടുപ്പ് തുടങ്ങൂ.
-മണി മേനോൻ, കരാർ കമ്പനി എക്സി. ഡയറക്ടർ.
ബണ്ട് നിർമ്മാണം തുടങ്ങി
പൊൻകണ്ടം റോഡിൽ കുന്നത്ത് ഗേറ്റ് ജംഗ്ഷനടുത്ത് റിസർവോയറിന്റെ കരഭാഗത്ത് ബണ്ട് നിർമ്മാണം പുരോഗമിക്കുന്നു. എർത്ത് ഡാമിലും ബണ്ട് നിർമിക്കും. ഡ്രഡ്ജർ വഴി വലിച്ചെടുക്കുന്ന മണ്ണു സംഭരണത്തിനും കലക്കുവെള്ളം ഒരാഴ്ച പിടിച്ച് നിറുത്തുന്നതിനുമാണ് ബണ്ട്. 17.7 കോടിയ്ക്കാണ് കരാർ. മണ്ണ്, മണൽ വില്പന കരാർ കമ്പനി നടത്തും. മൂന്നുവർഷമാണ് സമയപരിധി.