election

ഒറ്റപ്പാലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥികളായി രംഗത്തു വന്നവരിൽ സമൂഹത്തിന്റെ നാനാവിധ തൊഴിൽ മേഖലയിൽപ്പെട്ടവരുണ്ട്. മീൻ കച്ചവടം ഉപജീവനമാക്കിയവർ, തയ്യൽക്കാർ, ബാർബർമാർ തുടങ്ങി ആയുർവേദ - അലോപ്പതി ഡോക്ടർമാർവരെ ഇത്തവണ സ്ഥാനാർത്ഥി കുപ്പായമണിട്ടുണ്ട്.

ഓരോ തൊഴിൽമേഖലയ്ക്കും ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധവും സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തവരുടെ ജനകീയതയും പരമാവധി വോട്ടാക്കി മാറ്റി വിജയക്കൊടി പാറിക്കാനാണ് മുന്നണികളുടെ ലക്ഷ്യം. മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്ന് ഈ തിരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്തമാക്കുന്നത് ഇത്തവണ സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധ്യം വർദ്ധിച്ചു എന്നതിലാണ്. ജയ പരാജയങ്ങൾക്ക് അപ്പുറം സ്ഥാനാർത്ഥി നിർണയത്തിൽ ഇതുവരെ മുന്നണികൾ പാലിച്ചുപോന്ന കീഴ്വഴക്കങ്ങളുടെ ഒരു പൊളിച്ചെഴുത്ത് ഇത്തവണയുണ്ടായി എന്നത് പുരോഗമന ജനാധിപത്യ സമൂഹത്തിന് പ്രചോദനമാണ്. മൂന്ന് മുന്നണികളിലും ആ മാറ്റം പ്രകടമാണെന്നത് വലിയ പ്രത്യാശ നൽകുന്നുണ്ട്.

കലാ - കായിക - സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകളെ സ്ഥാനാർത്ഥികളാക്കാൻ ഇടതു - വലതു, എൻ.ഡി.എ മുന്നണികൾ ശ്രമിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും ശക്തി ദൗർബല്യങ്ങളെ മുൻകൂട്ടി വിശകലനം ചെയ്താണ് പ്രചരണ പരിപാടികൾ പാർട്ടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ ഏറെയുണ്ടെങ്കിലും വോട്ടഭ്യർത്ഥനയുമായി പരമാവധി ആളുകളിലേക്ക് എത്താൻ സ്ഥാനാർത്ഥികൾ ശ്രമിക്കുന്നുണ്ട്. ഒപ്പം യുവാക്കളെ ലക്ഷ്യംവച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചരണവും കൊഴുക്കുന്നുണ്ട്.
എന്തായാലും, നഗര - ഗ്രാമപ്രദേശങ്ങൾ ആകെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവത്തിൽ മുങ്ങികഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് ഭീതിക്കിടയിലും ഒരു ഉത്സവമാക്കി മാറ്റുകയാണ് പാർട്ടികൾ.