biriyani
വാണിയംമ്പാറ ദേശീയപാതയിലെ ബിരിയാണി വില്പന.

വില 60 മുതൽ 110 രൂപ വരെ


വടക്കഞ്ചേരി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ മേഖലകളിൽ മാറ്റത്തിന്റെ മുഖങ്ങൾ കടന്നുവരുമ്പോൾ പുതിയ രുചിക്കൂട്ട് പരീക്ഷിക്കുകയാണ് ഒരു വിഭാഗം ആളുകൾ.

ദേശീയപാത വാണിയമ്പാറ മുതൽ വാളായാർ വരെ ചൂടൻ ബിരിയാണിയുമായി തട്ടുകടകളും വാഹനത്തിലുള്ള വില്പനയുമാണ് സജീവമാകുന്നത്. ഇതോടെ ഇവിടെ കൊവിഡ് കാലം ബിരിയാണിക്കാലമായി മാറി.

പാലക്കാടൻ രുചിയിൽ നിന്ന് മാറി ഉത്തര മലബാർ- ഉത്തരേന്ത്യൻ രുചിയുമായാണ് ബിരിയാണി വില്പന പൊടിപൊടിക്കുന്നത്. 30ലധികം വിവിധ രുചികളിലും പാക്കുകളിലുമായാണ് ബിരിയാണി വില്പന. മിക്കവരും ദേശീയ പാതയോരത്ത് പ്രത്യേക സ്ഥലങ്ങളിൽ പ്രത്യേക ബിരിയാണി എന്ന രീതിയിലാണ് വില്പന നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ മിക്കവരും പാഴ്സൽ വാങ്ങി വീടുകളിലെത്തി കഴിക്കുന്നതാണ് ശീലം.

തലശ്ശേരി, ഉദുമ, റാവുത്തർ, മാഹി, കോയമ്പത്തൂർ, ചെന്നൈ, ഹൈദ്രാബാദ്, ബോംബൈ, ദില്ലി, ദം, മുള തുടങ്ങിയ വിവിധതരം ബിരിയാണിയാണ് പ്രധാനമായും വില്പന. കൂടാതെ ചില കടകളിൽ കുഴി മന്തിയും, അൽഫാം, തന്തൂരി ചിക്കൻ, കാന്താരി ചിക്കൻ തുടങ്ങിയവയും വില്പന നടത്തുന്നുണ്ട്. സാധാരണ ഒരു ബിരിയാണിക്ക് 60 മുതൽ 100 രൂപ വരെയാണ് വില. ചില കച്ചവടക്കാർ ഒരു കുപ്പി വെള്ളവും ഇതോടൊപ്പം നൽകും. ബിരിയാണി കിലോ എന്ന രീതിയിലും വിൽക്കുന്നുണ്ട്. ഒരു കിലോ 100 മുതൽ 150 രൂപ വരെയാണ് വില.


രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് വില്പന. തൊഴിൽ രഹിതരായവരും പ്രവാസലോകത്ത് നിന്ന് മടങ്ങിയവരും സ്വന്തം വാഹനത്തിൽ ബിരിയാണി കച്ചവടം നടത്തിയാണ് ഉപജീവനം കഴിയുന്നത്. ഇതിനിടെ തട്ടുകടകളിലെ കച്ചവടത്തിനും ഫുഡ് ആന്റ് സേഫ്റ്റി ലൈസൻസ് എടുക്കണമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. ഇതോടെ ലൈസൻസ് സമ്പാദിക്കാനുള്ള തിരക്കിലാണ് മിക്ക കച്ചവടക്കാരും.