പാലക്കാട്: ജനം പോളിംഗ് ബൂത്തിലെത്താൻ വെറും 15 ദിവസം മാത്രം അവശേഷിക്കേ സ്ഥാനാർത്ഥികളും മുന്നണികളും കൊവിഡ് പ്രതിസന്ധി മറികടന്ന് വോട്ടുറപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ്. സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ജില്ലയിൽ പലയിടങ്ങളിലും മുന്നണികൾ പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ പരിമിതികളുണ്ടെങ്കിലും വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും പ്രചാരണവും ചൂടുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന വിഷയങ്ങൾക്ക് പുറമേ വ്യക്തമായ രാഷ്ട്രീയ വിഷയങ്ങൾ കൂടി ചർച്ചയാകുന്നു പോർക്കളത്തിൽ. അതിൽ ആര് വീഴും ആര് വാഴും എന്ന് കാത്തിരുന്ന് കാണണം.
കുടുംബയോഗങ്ങളിലേക്ക് കടന്ന് എൽ.ഡി.എഫ്
സ്ഥാനാർത്ഥി നിർണയം നേരത്തെ പൂർത്തിയാക്കി കളത്തിലിറങ്ങിയ എൽഡി.എഫ് ഭൂരിഭാഗം പഞ്ചായത്തുകളിലും കൺവെൻഷൻ നടത്തിക്കഴിഞ്ഞു. ഓരോ വാർഡുകളിലും സ്ഥാനാർത്ഥികൾ കുറഞ്ഞത് രണ്ടുവട്ടം ഗൃഹസന്ദർശനം നടത്തി വോട്ടഭ്യത്ഥന നടത്തി.
മന്ത്രിമാരായ എ.കെ.ബാലനും കെ.കൃഷ്ണൻകുട്ടിയും ജില്ലയിൽ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നു. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ നേതാക്കൾക്കും പാർട്ടി ചുമതല നൽകി.
ഗൃഹസന്ദർശനം ഒരുഘട്ടം കൂടി പൂർത്തിയാക്കി വാർഡുകളിൽ കുടുംബ യോഗങ്ങളും ബൂത്ത് തല യോഗങ്ങളും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുമുന്നണി. ചിലയിടത്ത് കുടുംബ യോഗം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നതിനാൽ ഒരു വാർഡിൽ മൂന്നും നാല് യോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ ആദ്യത്തോടെ യോഗങ്ങളിൽ മന്ത്രിമാർ പങ്കെടുത്ത് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടം വിശദീകരിക്കും. ഒപ്പം സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ നിരന്തരം ശ്രമിക്കുന്നുവെന്ന രാഷ്ട്രീയ വിമർശനവും ചർച്ചയാക്കും.
മന്ത്രിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ എന്നിവരെ ബൂത്ത് കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുപ്പിക്കും.
നേതാക്കളുമായി വോട്ടുപിടിക്കാൻ യു.ഡി.എഫ്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എത്തിച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കാൻ നേതൃത്വത്തിന് കഴിഞ്ഞു. വിവിധ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി സംഗമം സംഘടിപ്പിക്കുന്ന തിരക്കിലാണ് യു.ഡി.എഫ്. മുതിർന്ന നേതാക്കളെയും കെ.പി.സി.സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വരും ദിവസങ്ങളിൽ ജില്ലയിൽ പ്രതീക്ഷിക്കാം. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഉറപ്പിക്കുകയായിരുന്നു ആദ്യഘട്ടത്തിൽ മുൻഗണന. രണ്ടാംഘട്ടത്തിൽ സ്ഥാനാർത്ഥി സംഗമത്തോടൊപ്പം കുടുംബ സംഗമങ്ങളും സംഘടിപ്പിച്ച് മുന്നേറാനാണ് ശ്രമം. മുതിർന്ന നേതാക്കൾ താഴെത്തട്ടിലെ പ്രവർത്തകരുമായി കുടുംബ സംഗമങ്ങളിൽ സംവദിക്കുമ്പോൾ മുന്നണിക്ക് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിലേക്ക് തിരിച്ച് വരവാൻ അവസരമൊരുങ്ങുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ.
ബ്ലോക്കും-ജില്ലാ പഞ്ചായത്തും ലക്ഷ്യമിട്ട് എൻ.ഡി.എ
പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷം നേടി ഭരണത്തുടർച്ച ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
പഞ്ചായത്തുകൾക്കും പാലക്കാട് നഗരസഭയ്ക്കും പുറമേ ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ബി.ജെ.പി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സംഘടനാപരമായ തയ്യാറെടുപ്പുകൾ എടുത്തത് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ ആദ്യഘട്ട വിലയിരുത്തൽ. ഓരോ വാർഡുകളിലും സ്ക്വാഡ് രൂപീകരിച്ചുള്ള പ്രവർത്തനമാണ് മുന്നോട്ട് പോകുന്നത്. ഒരു സ്ക്വാഡിന് കീഴിൽ 50 വീടുകളാണ് ഉണ്ടാവുക. വാർഡിൽ കുറഞ്ഞത് അഞ്ച് തവണയെങ്കിലും സ്ഥാനാർത്ഥി പര്യടനം നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെയും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെയും നിർദ്ദേശം.
പാർട്ടി അപ്പീൽ, സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന, കുറ്റപത്രം, വികസന രേഖ എന്നിങ്ങനെ ഏഴുതരത്തിലുള്ള ലഘുലേഖകളാണ് ബി.ജെ.പി വോട്ടർമാരിലേക്ക് എത്തിക്കുന്നത്. കേന്ദ്രമന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ തൃത്താല, നെന്മാറ, കോങ്ങാട്, വടക്കന്തറ എന്നിവിടങ്ങളിലെ സംഗമങ്ങളിൽ പങ്കെടുത്തിരുന്നു. മുൻ ഗവർണർ കുമ്മനം രാജശേഖരനും ജില്ലയിലെ വിവിധയിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാന അദ്ധ്യക്ഷനും മുതിർന്ന നേതാക്കളും പ്രചരണത്തിനായി എത്തുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.