road
നവീകരണ പ്രവർത്തനം മുടങ്ങികിടക്കുന്ന ലക്കിടി- തിരുവില്വാമല റോഡ്.

ലക്കിടി: ഒന്നര വർഷത്തിലേറെയായി ലക്കിടി- തിരുവില്വാമല റോഡിന്റെ പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാതെ അനിശ്ചിതത്വത്തിൽ കിടക്കുന്നു. റോഡിൽ പൊടിശല്യം കൂടി രൂക്ഷമായതാണ് ഏറെ ദുരിതം. ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയം മുതൽ റെയിൽവേ ഗേയ്റ്റ് വരെയുള്ള റോഡിലാണ് പൊടിശല്യം രൂക്ഷം. പലഭാഗത്തും ക്വാറിവേസ്റ്റ് തള്ളിയതോടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിമൂലം ജനങ്ങൾക്ക് മുന്നിലുള്ള ഒന്നും കാണാൻ കഴിയാത്ത അവസ്ഥയാണ്.

വിവിധയിടങ്ങളിൽ കുണ്ടും കുഴിയും നിറഞ്ഞതോടെ വാഹനങ്ങൾ കേടുവരുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. തകർന്ന് തരിപ്പണമായ റോഡിന്റെ പുനർനിർമ്മാണം കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ പ്രവർത്തനം നടന്നില്ല. തുടർന്ന് മഴക്കാലം കഴിഞ്ഞ് തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നാലും ടെണ്ടർ കഴിഞ്ഞതുകൊണ്ട് പ്രവർത്തികൾ നടത്താനാകുമെന്ന് ഒടുവിൽ പറഞ്ഞതും പാഴ് വാക്കായി. ഇതുവരെയും യാതൊരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.