പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആത്മയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവും ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആനുകൂല്യങ്ങൾ നൽകാനുള്ള കാലതാമസം സമത്വാവകാശത്തിന്റെയും സാമൂഹ്യ നീതിയുടെയും ലംഘനമാണെന്ന് കൃഷി സെക്രട്ടറിക്കും ഡയറക്ടർക്കും നൽകിയ ഉത്തരവിൽ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി വ്യക്തമാക്കുന്നു. 2012 മുതൽ പാലക്കാട് പ്രൊജക്ട് ഡയറക്ടറുടെ കീഴിൽ ജോലി ചെയ്യുന്നവർ സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മിഷൻ ആത്മ പദ്ധതി, കൃഷിവകുപ്പ് എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി.
കൃഷി അനുബന്ധ മേഖലകളിലെ നൂതന സാങ്കേതികവിദ്യകൾ കർഷകരിലെത്തിക്കാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ആത്മ. പദ്ധതിയിലെ ജീവനക്കാർക്ക് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചേർത്താണ് ശമ്പളം നൽകുന്നത്. പണം ലഭിക്കാൻ കാലതാമസം ഉണ്ടാകുമ്പോൾ ശമ്പളം വൈകാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക വർഷത്തെ ആദ്യഘട്ട കേന്ദ്രഫണ്ട് ലഭിച്ച് അഞ്ചുമാസം കഴിഞ്ഞാണ് സംസ്ഥാന വിഹിതം ലഭ്യമാകുന്നത്. സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസം കഴിഞ്ഞതിന് ശേഷവും ശമ്പളം ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് കമ്മിഷൻ വിലയിരുത്തി.