paddy
വരണ്ടുണങ്ങിയ മീറ്റ്ന ഭാഗത്തെ പാടശേഖരം

പാലക്കാട്: ഒറ്റപ്പാലം എറക്കോട്ടിരിയിൽ ഭാരതപ്പുഴയോരത്തെ അറുപത് ഏക്കർ നെൽകൃഷി ഉണങ്ങി നശിക്കുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച തടയണയിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.

ഭാരതപ്പുഴയിൽ വെള്ളം ഉണ്ടെങ്കിലും കൃഷിക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണു എറക്കോട്ടിരി പാടശേഖരത്തിലെ രണ്ടാം വിള നെൽകൃഷി. ഇത്തവണ മീറ്റ്ന തടയണയിലെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാനുള്ള നടപടികൾക്ക് കാലതാമസം വന്നതോടെ പാടങ്ങൾ വരണ്ടുണങ്ങി വിണ്ടുകീറിയ നിലയിലാണ്. നെൽച്ചെടികൾ കരിഞ്ഞുണങ്ങാനും തുടങ്ങിയിട്ടുണ്ട്.

ഒന്നാംവിള നെല്ല് സംഭരണ തുക ലഭിക്കാത്ത സാഹചര്യത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും വായ്പയെടുത്താണ് പലകർഷകരും ഇത്തവണ രണ്ടാം വിള കൃഷിയിറക്കിയത്. തടയണയുടെ ഷട്ടറുകൾ അടച്ചാൽ മാത്രമേ പ്രതിസന്ധി മാറുകയുള്ളു. വൈകിയാൽ പൂർണമായ കൃഷിനാശമാകും ഫലം. പ്രളയ സാധ്യത പരിഗണിച്ച് അഞ്ച് മാസം മുമ്പാണ് തടയണയിലെ 26 ഷട്ടറുകൾ തുറന്നത്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു മീറ്റ്ന തടയണ.