പാലക്കാട്: ഒരുചുമർ; സൗഹൃദം പങ്കിട്ട് രണ്ട് തരം പോസ്റ്റർ പതിക്കൽ. പുതൂർ പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ ഒരേ ചുമരിൽ പോസ്റ്ററുകൾ പതിക്കുകയായിരുന്നു. അട്ടപ്പാടി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ വി.കെ.ശ്രീകണ്ഠൻ എം.പി അതുവഴി പോകുമ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കാറിൽ നിന്ന് ഇറങ്ങി ഇരു പാർട്ടി പ്രവർത്തകരുടെയും അടുത്തെത്തി കുശലാന്വേഷണം നടത്തി. പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം കൈ ചിഹ്നം ചുമരിൽ പതിച്ചു. ഒപ്പം എൽ.ഡി.എഫ് പ്രവർത്തകരും അവരുടെ പോസ്റ്റർ ചുമരിൽ പതിച്ചു. തുടർന്ന് ഇരുമുന്നണി പ്രവർത്തകരോടൊപ്പവും ഫോട്ടോയും എടുത്താണ് എം.പി മടങ്ങിയത്.
പുതൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുരുകിയാണ്. ഇടതുപക്ഷത്തിനായി മത്സരിക്കുന്നത് മുരുകനും. ഇരു സ്ഥാനാർത്ഥികളുടെയും പേരുകളിലുള്ള സാമ്യവും കൗതുക കാഴ്ചയായിരുന്നു.