തിരുവല്ല: അഞ്ച് വർഷത്തിനിടെ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി നെടുമ്പ്രം പഞ്ചായത്തിനെ സമഗ്ര പുരോഗതിയിലാക്കി.പഞ്ചായത്ത് ഓഫീസിന്റെ ശോച്യാവസ്ഥകൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയും കാര്യക്ഷമതയോടെ പ്രവർത്തിച്ചും ഐ.എസ്.ഒ അംഗീകാരം നേടിയെടുത്തു. ആധുനികരീതിയിൽ കെട്ടിടമാകെ നവീകരിച്ചു. ഫ്രണ്ട് ഓഫീസ്, ഇരിപ്പിടങ്ങൾ, കുടിവെള്ളം, ശൗചാലയങ്ങൾ, കോൺഫ്രൻസ് ഹാൾ,സി.സി ടി.വി, സാനിട്ടൈസർ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കി.ഭവനരഹിതരായ നൂറോളം പേർക്ക് ലൈഫ്‌മിഷൻ പദ്ധതിയിൽ ഉൾപ്പെടെ വീടുകൾ നിർമ്മിച്ചു നൽകിയ
പഞ്ചായത്തിൽ വൈഫൈ ഹോട്ട് സ്പോട്ടുകൾ ഒരുക്കി.സ്വയംസുരക്ഷ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് മൂന്നുവർഷമായി കരാട്ടെ പരിശീലനം നൽകി. കുടുംബശ്രീ പ്രവർത്തകർക്ക് യോഗ പരിശീലനം നൽകി. നൂറുശതമാനം കരംപിരിവ് സാദ്ധ്യമാക്കി. മത്സ്യകൃഷിയും ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു. വനിതാ വികസന കേന്ദ്രം, ജനകീയ ഹോട്ടൽ,കാരാത്ര കമ്മ്യുണിറ്റി ഹാൾ നവീകരിച്ചു, വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിച്ചു.
പഞ്ചായത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. ഗവ.എൽ.പി.സ്‌കൂൾ നവീകരിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി. നിർദ്ധനരായ വൃദ്ധർക്ക് കട്ടിലുകൾ കൊടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം സജ്ജമാക്കി. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ചു. പൊടിയാടി ജംഗ്‌ഷനിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. പാലിയേറ്റിവ് രോഗികൾക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറി, ലാപ്ടോപ്, സൈക്കിൾ, പഠനോപകരണങ്ങൾ, സ്‌കോളർഷിപ്പ് എന്നിവ നൽകി.
പിന്തുണയുണ്ടായിട്ടും പദ്ധതികൾ പാഴാക്കി
ഗ്രാമീണ ജനതയ്ക്ക് പ്രയോജനപ്പെടുമായിരുന്ന പല പദ്ധതികളും നെടുമ്പ്രം പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത് നടപ്പാക്കിയില്ല. പഞ്ചായത്തുകളുടെ പൊതുവികസനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച മിക്ക പദ്ധതികളും പാഴാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പദ്ധതി നെടുമ്പ്രത്ത് നഷ്ടമായി. ശുചിത്വ മിഷന്റെ പണം ഉണ്ടായിട്ടും മാലിന്യ സംസ്‌ക്കരണ പ്ലാന്റോ, പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റോ തുടങ്ങിയില്ല. നെല്ല്,പച്ചക്കറി, കരിമ്പ് കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയിലൂടെ തരിശുരഹിത പഞ്ചായത്താക്കി പ്രഖ്യാപിക്കാൻ ഇടപെടൽ നടത്തിയില്ല. മുൻഭരണസമിതികൾ തുടങ്ങിവച്ച പൊതുശ്‌മശാനം, പൊതുമാർക്കറ്റ്,ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവ ഏറ്റെടുത്തില്ല. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചില്ല. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, തരിശ് നിലം ഒരുക്കൽ, പൊതുകുളം, കുളിക്കടവ്, കളിസ്ഥലം നവീകരണം തുടങ്ങി വ്യക്തമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സാധിച്ചില്ല. എം.എൽ.എ ഫണ്ടും പ്രളയാനന്തര പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ നൽകിയ ഫണ്ടും ചെലവഴിച്ചാണ് പഞ്ചായത്തിലെ പ്രധാന റോഡുകൾ വികസിപ്പിച്ചത്.കേന്ദ്രഭരണ സ്വാധീനം ഉപയോഗിച്ച് ഒരു രാജ്യസഭാ മെമ്പറുടെ ഫണ്ട് പോലും നെടുമ്പ്രത്ത് കൊണ്ടുവരാൻ സാധിച്ചില്ല. സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി നൽകിയ തുക വീതംവച്ച് ചെലവഴിക്കാൻ ശ്രമിച്ചത് മാത്രമാണ് ആകെ ചെയ്തത്.
ബിനിൽകുമാർ
(സി.പി.എം)