(മൂന്ന്)
' എത്ര ശ്രമിച്ചിട്ടും ഒപ്പമെത്താൻ കഴിയുന്നില്ല
ചില രക്ഷിതാക്കളുടെ നിരാശയാണിത്. മക്കളിൽ ഒരാൾ പഠനത്തിൽ മറ്റ് സഹോദരങ്ങൾക്കൊപ്പമോ ക്ലാസിലെ മറ്റ് കൂട്ടുകാർക്കൊപ്പമോ ബന്ധുവായ കുട്ടികൾക്കൊപ്പമോ എത്താൻ കഴിയാത്തതിന്റെ വിഷമവും നിരാശയും. എന്നാൽ,ഒരു വ്യക്തിക്കും മറ്റൊരാളെപോലെയാകാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ടു പോയാൽ ഇങ്ങനെ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കുട്ടിയുടെ പഠനത്തിന്റെ കാര്യത്തിലും ഇത് ശരി തന്നെ. പഠന കാര്യങ്ങളിലുള്ള ഈ വ്യത്യാസത്തിന് എന്താണ് കാരണം? ജീനുകളിലൂടെ മാതാപിതാക്കളിൽ നിന്ന് മക്കളിലേക്കു സംവഹിക്കപ്പെടുന്ന പാരമ്പര്യം (heredity),, അവരുടെ ജീവിത പരിസരം ( Environment) എന്നിവയുടെ സ്വാധീനം വ്യക്തികളുടെ സ്വഭാവ സവിശേഷതകളും കഴിവുകളും നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവയുടെ സ്വാധീനം ഓരോ വ്യക്തിയിലും വ്യത്യസ്തമായതിനാൽ, ഒരു വ്യക്തി തീർച്ചയായും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരിക്കും എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാൽ, മനുഷ്യ മസ്തിഷ്‌ക്കത്തിലെ നാഡീകോശങ്ങളുടെ (neuron ട) സ്വാധീനമാണ് ഒരു വ്യക്തിയുടെ കഴിവുകൾ നിർണയിക്കുന്നത് എന്നാണ് ആധുനിക നാഡീ മന:ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. മസ്തിക വളർച്ചയിൽ പാരമ്പര്യവും പരിസരവും ഒരു പോലെ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഇവരുടെയും അഭിപ്രായം. നാഡി മന:ശാസ്ത്രമനുസരിച്ച് പഠനമെന്നത് നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണമാണ്. ഈ ബന്ധത്തിന്റെ ക്രമത്തിലും ദൃഢതയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് പഠനത്തിന്റെയും ഓർമയുടെയും അടിസ്ഥാനം. ഇങ്ങനെ സംഭവിക്കണമെങ്കിൽ വീടും വിദ്യാലയവും ഉൾപ്പെടുന്ന ജീവിത പരിസരത്തു നിന്നും ഫലപ്രദമായ അനുഭവങ്ങൾ കുട്ടിക്കു കിട്ടണം. ഇങ്ങനെയുണ്ടാകുന്ന അനുഭവങ്ങളിലെ ഏറ്റക്കുറച്ചിലുകൾ അവന്റെ പഠനശേഷിയിലും മാറ്റങ്ങൾ ഉണ്ടാക്കും. ഇതും പഠനത്തിലുള്ള വ്യക്തി വ്യത്യാസത്തിനു കാരണമാകുന്നു.
കുട്ടികളെ താരതമ്യം ചെയ്യാതിരിക്കുക
ഒരു കുട്ടിയ്ക്ക് സ്വപ്രയത്‌നത്താൽ എത്തിച്ചേരാവുന്ന ഒരു നിലയും (current ability level) മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരാവുന്ന ഒരു ഉയർന്ന നിലയുമുണ്ട്. (potential ability level) എന്നാണ് ചിന്തകനായ എൽ.എസ് ഗോട്‌സ്‌കിയുടെ പക്ഷം. ഓരോ കുട്ടിയെയും അവൾക്ക് / അവന് എത്തിച്ചേരാൻ കഴിയുന്ന ഉയർന്ന നിലയിൽ എത്തിക്കാനുള്ള സഹായമാണ് അദ്ധ്യാപകൻ ചെയ്യുന്നത്. അവശ്യം വേണ്ട സൂചനകൾ നൽകൽ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ നൽകൽ, ചിന്തയെ ഉണർത്താനും നയിക്കാനുമുള്ള ചോദ്യങ്ങൾ ചോദിക്കൽ ഇവയൊക്കെ കുട്ടിക്ക് അദ്ധ്യാപകൻ നൽകുന്ന സഹായങ്ങളാണ് (Scaffolding). എങ്കിലും, എത്താൻ കഴിയുന്നതിന്റെ പരമാവധിയിൽ മാത്രമേ ഒരാൾക്ക് എത്താൻ കഴിയൂ. ഈ പരമാവധി നില ഓരോ കുട്ടിയിലും വ്യത്യസ്തമാണ്. ഇക്കാരണം കൊണ്ടു തന്നെ പഠന മികവിന്റെ കാര്യത്തിൽ ഒരു കുട്ടി മറ്റൊരു കുട്ടിയെ പോലെ ആകാനിടയില്ല. നമ്മുടെ കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. തന്റെ കുട്ടിയുടെ കഴിവിനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക. കുട്ടിക്ക് എന്തറിയാം, എന്തറിയില്ല എന്നു മനസിലാക്കി അതനുസരിച്ച് അവനെ പഠന കാര്യങ്ങളിൽ സഹായിക്കുക.