police
പത്തനംതിട്ടയിൽ സൈബർ പൊലീസ് സ്റ്റേഷനി​ൽ വീണാ ജോർജ് എം.എൽ.എ സന്ദർശനം നടത്തി​യപ്പോൾ

പത്തനംതിട്ട : സൈബർ കേസുകൾ കൈകാര്യം ചെയ്യാനായി മാത്രം പത്തനംതിട്ട ജില്ലയിൽ ഒരു പൊലീസ് സ്റ്റേഷൻ. മുമ്പ് സൈബർ സെൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരളപ്പിറവി ദിനത്തിൽ സ്‌റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ സൈബർ സെല്ലിലാണ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി നോർത്ത് ട്രാഫിക് യൂണിറ്റിൽ നിന്നുള്ള തൻസീം അബ്ദുൽ സവാദ് ആണ് ആദ്യ ഇൻസ്‌പെക്ടർ. പുതിയ കെട്ടിടം നിർമിക്കുമ്പോൾ സ്‌റ്റേഷൻ അങ്ങോട്ടുമാറ്റും. ഐ.ടി ആക്ട് പ്രകാരമുള്ള കേസുകൾക്കെല്ലാം ഇവിടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഓൺലൈൻ തട്ടിപ്പുകൾ, സാമൂഹിക മാദ്ധ്യമങ്ങൾ മുഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളുടെ അന്വേഷണം, ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് ഇത്തരം കേസുകളിലും പരാതികളിലും സഹായം നൽകൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സൈബർ പൊലീസ് സ്റ്റേഷനിൽ ഉണ്ടാവും. സംസ്ഥാനത്തെ 15 പുതിയ സൈബർ പൊലീസ് സ്റ്റേഷനിൽ ഒന്നാണിത്.


* മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.


'സൈബർ കേസുകളിൽ അന്വേഷണം വേഗത്തിലാക്കാൻ പുതിയ സ്റ്റേഷന്റെ പ്രവർത്തനം ഉപകരിക്കും. ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്കുള്ള സൈബർ സാങ്കേതികസഹായങ്ങൾ നൽകുകയും, ഓപ്പറേഷൻ പി ഹണ്ട് പോലെയുള്ള പ്രത്യേക പരിശോധനകളിൽ മികച്ച സംഭാവനകൾ നൽകുകയും ചെയ്യുന്ന നിലവിലെ സൈബർ സെൽ ഉദ്യോഗസ്ഥർ പുതിയ സൈബർ പൊലീസ് സ്റ്റേഷന് മുതൽക്കൂട്ടാകും.'

കെ.ജി സൈമൺ

ജില്ലാ പൊലീസ് മേധാവി