ചെങ്ങന്നൂർ: സൈബർ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷണം നടത്തുവാൻ രൂപീകരിച്ച സൈബർ പൊലീസ് സ്റ്റേഷൻ ഇന്നലെ 10.05ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല പൊലീസ് ട്രെനിംഗ് സെൻന്ററിൽ നടത്തിയ ചടങ്ങിൽ അഡീഷണൽ എസ്.പി എൻ.രാജൻ,ഡി.എച്ച്.ക്യൂ ഡി.സി വി.സുരേഷ് ബാബു, ജില്ലയിലെ മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആലപ്പുഴ സൗത്ത് ഇൻസ്‌പെക്ടർ എം.കെ രാജേഷിനാണ് സൈബർ സ്റ്റേഷന്റെ ചുമതല. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളിൻമേലാണ് അന്വേഷണം. മറ്റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന പരാതികളിൽ സാങ്കേതിക സഹായം മുമ്പ് നൽകിയിരുന്നതുപോലെ തുടരും.ഡേറ്റ തട്ടിപ്പ്, സാമൂഹിക മാദ്ധ്യമങ്ങൾ മുഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതടക്കമുള്ള പ്രധാനപ്പെട്ട കേസുകളാണ് സൈബർ പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കുക. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളെല്ലാം എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വീകരിക്കുകയും പ്രഥമവിവരം രേഖപ്പെടുത്തുകയുംചെയ്യും. സൈബർ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ-04772230804