ചെങ്ങന്നൂർ: നഗരമദ്ധ്യത്തിലുള്ള ശാസ്താംപുറം ചന്തയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുൻഭാഗത്തായി പ്രധാന റോഡിനോട് ചേർന്ന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി പരാതി .ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടു. കെട്ടിടം പണിതതിന്റെ അവശിഷ്ടങ്ങളാണ് ഏറെയും. കേരളത്തിലെ പ്രമുഖ സ്ഥാപനമായ കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെകൂടെ വീടുകളിലെ അടുക്കള മാലിന്യങ്ങളും പച്ചക്കറികളുടേയും മറ്റ് അവശിഷ്ടങ്ങളും പലരും ഇവിടെയാണ് നിക്ഷേപിക്കുന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഈച്ചശല്യം കൂടുതലാണ്.സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടും നഗരസഭയുടെ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനു സമീപത്തായി റോഡരികിൽ മാലിന്യങ്ങൾ തൂത്തുകൂട്ടി ഇടുകയും ചെയ്യുന്നതിനാൽ കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.