podi
അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി-തിരുവല്ല റോഡിന്റെ നിർമാണോദ്ഘാടനം പൊടിയാടിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു. മാത്യു ടി.തോമസ് എം.എൽ.എ സമീപം

തിരുവല്ല : ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി - തിരുവല്ല റീച്ചിന്റെ നിർമാണം പൊടിയാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പതിറ്റാണ്ടുകൾ കൊണ്ട് നടത്താതിരുന്ന വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ അധികാരത്തിലേറി 53 മാസങ്ങൾ പിന്നിടുമ്പോൾ ചെയ്തു തീർക്കുന്നത്. എല്ലാവരെയും ഒരുപോലെ കണ്ട് എല്ലാ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിച്ചും പരിഗണിച്ചുമാണ് മുന്നോട്ട് പോകുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വികസനമാണ് അഡ്വ. മാത്യു. ടി തോമസ് എം.എൽ.എയും പൊതുമരാമത്ത് വകുപ്പും ചേർന്ന് നടത്തുന്നത്. അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ - തിരുവല്ല റോഡ് കേരളത്തിന് അഭിമാനകരമായ മരാമത്ത് നിർമാണങ്ങളിൽ ഒന്നായി മാറുമെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയിലുള്ള പൊതുമരാമത്ത് നിർമാണ പ്രവർത്തനങ്ങളാണ് തിരുവല്ല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽ കുമാർ, അഡ്വ. ആർ.സനൽകുമാർ, അലക്സ് കണ്ണമല, പൊതുമരാമത്തു നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

77.36 കോടി ചെലവ്

കിഫ്ബി പ്രവൃത്തികളിൽ സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ അമ്പലപ്പുഴ - പൊടിയാടി വരെയുള്ള 22.5 കിലോമീറ്റർ റോഡിന്റെ പ്രവൃത്തികൾ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തീകരിച്ചിരുന്നു. ഒന്നാം ഘട്ടത്തിന്റെ അതേ നിലവാരത്തിലുള്ള രണ്ടാംഘട്ട നിർമാണപ്രവൃത്തികളാണ് ആരംഭിക്കുക. റബ്ബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് ഡക്ടുകൾ, കാൽനട യാത്രക്കാർക്കു വേണ്ടിയുള്ള സംവിധാനം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയാകും രണ്ടാംഘട്ടവും പൂർത്തീകരിക്കുക. 77.36 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിർമാണം.


പനച്ചിമൂട്ടിൽകടവ് പാലത്തിന്റെയും ഓട്ടാഫീസ്‌കടവ്

പാലത്തിന്റെയും ഉദ്ഘാടനം നാലിന് നടക്കും.