കോന്നി : വാഹന അപകടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല. അപകട സ്ഥലത്ത് നിന്ന് ഹെൽമെറ്റ് കണ്ടെത്തിയെങ്കിലും യുവാവ് ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കും ഇടിച്ച വാഹനവും കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച രാത്രിയിൽ വാഴമുട്ടം കുരിശടിയ്ക്ക് സമീപം വി.കോട്ടയം റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞിട്ടുമുണ്ട്. വാഹനങ്ങൾ ബ്രേക്ക് പിടിച്ചതിന്റെ പാട് റോഡിലും സമീപത്തുമുണ്ട്. രക്തം തളംകെട്ടിയ നിലയിലാണ്. എന്നാൽ മരിച്ചത് ആരെന്നോ അപകടത്തിൽപ്പെട്ട വാഹനങ്ങളോ ഇന്നലെ വൈകിട്ട് വരെയും കണ്ടെത്താനായിട്ടില്ല. ആരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതെന്നും വ്യക്തമല്ല. കോന്നി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.