പത്തനംതിട്ട : ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ സ്വന്തമാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിലാണ് മെഡലുകൾ വിജയികൾക്ക് സമ്മാനിച്ചത്.
ജില്ലാ വനിതാ പൊലീസ് സ്റ്റേഷൻ ചാർജ് വഹിക്കുന്ന ഇൻസ്‌പെക്ടർ എ.ആർ. ലീലാമ്മ, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എസ്.ഐ ആർ. ആനന്ദകുമാർ, ജില്ലാ സ്‌പെഷൽ ബ്രാഞ്ചിലെ ഗ്രേഡ് എസ്.ഐ പ്രമോദ് വി.ജി, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എ.എസ്.ഐ സി.എം. അജിത്കുമാർ, ഡി.എച്ച്.ക്യു എ.എസ്.ഐ കെ. രാജൻപിള്ള, പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ പി.എച്ച്. അൻസീം, ലീഗൽ സെല്ലിലെ ഗ്രേഡ് എസ്.ഐ.അജികുമാർ എന്നിവർക്കാണ് മെഡലുകൾ വിതരണം ചെയ്തത്.
ജില്ലാ പൊലീസ് അഡിഷണൽ എസ്.പി എ.യൂ. സുനിൽകുമാർ, ഡിവൈ.എസ്.പിമാരായ ആർ. സുധാകരൻ പിള്ള, ആർ.പ്രദീപ് കുമാർ, കെ.സജീവ്, ആർ. ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജില്ലാപൊലീസ് മേധാവിക്ക് അപൂർവനേട്ടം
പത്തനംതിട്ട : തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് പൊലീസ് ജീവിതത്തിൽ പത്തനംതിട്ട ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണിന്റേത്. ഐപിഎസിന്. അന്വേഷണ മികവേറിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോൾ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളിൽ ഒന്നാണ് കെ.ജി. സൈമൺ എന്നത്. ബാഡ്ജ് ഒഫ് ഓണർ, സ്തുത്യർഹ സേവനപുരസ്‌കാരങ്ങൾ, പ്രശംസാ പത്രങ്ങൾ ക്യാഷ് അവാർഡുകൾ തുടങ്ങി 200ൽ പരം ബഹുമതികൾ സ്വന്തമാക്കിയതിന്റെ പ്രൊഫഷണൽ മികവുമായി, കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ജില്ലയിലെ പൊലീസിനെ നയിക്കാനെത്തിയ കെ.ജി. സൈമൺ ഇപ്പോൾ ഇരട്ടനേട്ടങ്ങളുടെ പൊൻതിളക്കത്തിലാണ്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡുമെന്ന നേട്ടങ്ങൾ ഒരേസമയം കരസ്ഥമാക്കി.
ചങ്ങനാശേരി മധുമൂലയിൽ മഹാദേവന്റെ തിരോധനം, 19 വർഷങ്ങൾക്കുശേഷം കൊലപാതകമായിരുന്നെന്നു കണ്ടെത്തിയതിനാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അവാർഡ് ലഭിച്ചത്. 18 ദിവസം തുടർച്ചയായി പാറമടയിലെ കുളം തോണ്ടി പരിശോധിച്ച പൊലീസ് കാണാതായ ആളുടെ തലയോട്ടി കണ്ടെത്തി. തുടർന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഇരു അവാർഡുകളും സംസ്ഥാന പൊലീസ് ആസ്ഥാനത്തു വച്ച് മുഖ്യമന്ത്രിയുടെ ഓൺലൈൻ കോൺഫറൻസിൽ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഓഫീസർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാർഡും ലഭിക്കുന്നത്.