പത്തനംതിട്ട : മലയാളമില്ലെങ്കിൽ കേരളമില്ലെന്നും മാതൃഭാഷ ജീവന്റെ തുടിപ്പാണെന്നും ഡോ. എഴുമറ്റൂർ രാജരാജവർമ്മ. എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് ഭാഷാദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ തനിമയും, നന്മയും അതിശ്രേഷ്ഠമാണ്. അറിവ് നേടേണ്ടത് മാതൃഭാഷയിലായിരിക്കണം. മലയാളഭാഷ പരിപോഷിപ്പിക്കപ്പെടണമെങ്കിൽ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എസ്. വളളിക്കോട്, എ.കെ.പ്രകാശ്, ഹെഡ്മാസ്റ്റർ ടി. പുരുഷോത്തമൻ, സുനിത ആർ. അരവിന്ദ്, മോൻസി കുര്യൻ എന്നിവർ പങ്കെടുത്തു.