pig

കൊടുമൺ : ഏനാദിമംഗലം,കൊടുമൺ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. കർഷകരുടെ പ്രതീക്ഷകളാണ് തകിടം മറിയുന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്തു കൃഷിയിറക്കിയ കർഷകരാണ് ഏറെയും. ഒരു മാസത്തിനിടയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കൊടുമൺ പ്ലാന്റേഷനിൽ നിന്നും കൂട്ടമായി ഇറങ്ങുന്ന പന്നികൾ മരച്ചീനി,ചേന,കാച്ചിൽ, ചേമ്പ് വാഴ തുടങ്ങിയ കൃഷി വിളകൾ കുത്തി നശിപ്പിക്കുകയാണ്. സർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും കർഷകർക്ക് ലഭിച്ചിട്ടില്ല.

ജനം ഭീതിയിൽ

കാട്ടുപന്നി ശല്യം വർദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.കൊടുമൺ പഞ്ചായത്തിന്റെ അങ്ങാടിക്കൽ തെക്ക് ,അങ്ങാടിക്കൽ വടക്ക് ,ഐക്കാട് രണ്ടാംകുറ്റി,മണിമല,പുതുമല. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ,കുന്നിട, ചായലോട്, എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അങ്ങാടിക്കൽ മലങ്കാവിൽ വീട്ടിൽ കരുണാകരന്റെ നൂറ്മൂട് മരച്ചിനി പൂർണമായും കാട്ടുപന്നികൾ നശിപ്പിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ജനജാഗ്രതാ സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതും പന്നിയെ വെടിവച്ചു കൊല്ലുന്നതിനു നിലവിലുള്ള അപ്രായോഗിക നിർദേശങ്ങൾ ഒഴിവാക്കുന്നതും പരിഗണിക്കേണ്ടതാണ്.

ഉത്തരവുകൾ പുനഃപരിശോധിക്കണമെന്ന്

പന്നിയെ വെടിവയ്ക്കാൻ അനുമതി ലഭിക്കുന്നവർക്ക് കൃത്യം നിർവഹിക്കുമ്പോൾ വനം ഉദ്യോഗസ്ഥരോടൊപ്പം പ്രദേശത്തെ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ് എന്നിവർ ഉണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ പുനഃപരിശോധിക്കണ്ടതാണ്. ഉപാധികളോടെ കാട്ടുപന്നികളെ കൊല്ലുവാൻ നൽകിയ ഉത്തരവിന്റെ കാലാവധി തീരാറായതിനാൽ നീട്ടി നൽകാനും വനം വകുപ്പ്‌നടപടി സ്വീകരിക്കണം. കാട്ടുപന്നി ശല്യക്കാരായ മൃഗമായി പ്രഖാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് കേന്ദ്ര വനംമന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാരും എം.പിമാരും ഏകാഭിപ്രായത്തോടെ ശ്രമിക്കണം. പന്തളം തെക്കേക്കര,കൊടുമൺ,ഏനാദിമംഗലം പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 120 ലധികം പ്രദേശവാസികൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

------

കാട്ടുപന്നി ശല്യത്തിൽ എങ്ങനെ പരാതി നൽകുമെന്നോ എവിടെ നൽകണമെന്നോ ഇപ്പോഴും പല കർഷകർക്കും അറിയില്ല. ഓഫീസുകൾ തോറും പരാതിയുമായി കയറി ഇറങ്ങുന്നത് ഒഴിവാക്കി പൊതുവായ നമ്പരോ ഈ മെയിൽ ഐ.ഡി യോ ഏർപെടുത്തണം.

കരുണാകരൻ

( കർഷകൻ )