pathanamthitta

നദിയുടെ തിട്ട(കര)യിൽ നിരനിരയായ പത്തനങ്ങൾ (വീടുകൾ) കാണപ്പെടുന്ന നാട് പത്തനംതിട്ടയായെന്ന് ഒരു നിഗമനം. പുരാതന കാലത്ത് പത്ത് ഇനം ജനവിഭാഗങ്ങൾ താമസിച്ചിരുന്നതിനാൽ പത്തനംതിട്ടയായെന്ന് മറ്റൊരു പക്ഷം. രാജഭരണ കാലത്ത് ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായ പത്താൻ വ്യാപാരി ഉണ്ടിയിരുന്നെന്നും ധർമരാജാവിന്റെ അനുമതിയോടെ അദ്ദേഹം കുറച്ച് സ്ഥലം വളച്ചു കെട്ടി താമസിച്ച 'പഠാണി തിട്ട' പത്തനംതിട്ട ആയെന്നും വിശ്വാസം.

ആയ് രാജാക്കൻമാരും ചേരൻമാരും പാണ്ഡ്യൻമാരും മാറിമാറി ഭരിച്ച നാട്ടിൽ നിന്ന് രൂക്ഷമായ രക്തച്ചൊരിച്ചിലിന്റെ ചരിത്രം കേട്ടിട്ടില്ല. പൊതുവെ സമാധാന പ്രിയരായിരുന്നുവത്രെ പത്തനംതിട്ടക്കാർ. ശബരിമലയും മാരാമണ്ണും മത കൺവെൻഷനുകളും ഇൗ നാടിനെ ആത്മീയതയുടെ പൊരുളറിയാനുള്ള മണ്ണാക്കി മാറ്റി. കലയ്ക്കും സാഹിത്യത്തിനും രാഷ്ട്രീയത്തിനും ഇവിടെ കോലങ്ങളെഴുതും. ഇപ്പോൾ അണിയറയിൽ ഒാരോ മുന്നണിയും തിരഞ്ഞെടുപ്പിന്റെ പടയണി കോലങ്ങളെഴുതുകയാണ്. കരിയും പച്ചയും ചുവപ്പുമുള്ള കോലങ്ങൾ ഗോദയിൽ നിറഞ്ഞാടും. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ബല പരീക്ഷണത്തിനുള്ള സ്ഥാനാർത്ഥികളെ മുന്നണികൾ കച്ചകെട്ടിയിറക്കി. തിരഞ്ഞെ‌ടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും അവർ ജന സമ്പർക്കം തുടങ്ങി. പൊതുസമ്മതിയും കുടുംബ ബലവുമാണ് സ്ഥാനാർത്ഥികൾക്കുള്ള യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്. വിശ്വസ്തരെയും പ്രമുഖരെയും നേരിൽ കണ്ട് അനുഗ്രഹം തേടിയുള്ള സ്ഥാനാർത്ഥികളുടെ യാത്ര എവിടെയും കാണാം. പാർട്ടികളുടെ ഒൗദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ പരസ്യമായി രംഗത്തിറങ്ങൂ.

മേൽക്കൈ നേടാൻ എൽ.ഡി.എഫും യു.ഡി.എഫും

മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി ഭൂരിപക്ഷം പഞ്ചായത്തുകളും പിടിക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും കിണഞ്ഞു ശ്രമിക്കുന്നത്. ഇരുവർക്കും ഭീഷണിയുയർത്തുന്ന ബി.ജെ.പി കറുത്ത കുതിരകളാകാൻ കരുക്കൾ നീക്കുകയാണ്. ജില്ലയിൽ 53 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. 22 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്, 20 പഞ്ചായത്തുകളിൽ യു.ഡി.എഫ്, മൂന്നിടത്ത് ബി.ജെ.പി എന്നിങ്ങനെയാണ് ഭരണം. എട്ട് എണ്ണത്തിൽ ആർക്കും ഭൂരിപക്ഷമില്ല. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പേരിൽ നാല് പഞ്ചായത്തുകളിലെ ഭരണം യു.ഡി.എഫ് നഷ്ടമാക്കി എൽ.ഡി.എഫിനെ അധികാരത്തിലേറ്റി.

16 അംഗ ജില്ലാ പഞ്ചായത്തിൽ തുടർച്ചയായ രണ്ടാം വട്ടവും യു.ഡി.എഫ് ഭരിക്കുന്നു. ഇക്കുറി ഭരണം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് സർവശക്തിയുമെടുക്കും. നിലവിൽ വനിതാ സംവരണമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത തവണ ജനറലിന് ലഭിച്ചേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് ജില്ലയിലെ പ്രമുഖ നേതാക്കളെ തന്നെയാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും രംഗത്തിറക്കാൻ പോകുന്നത്. യു.ഡി.എഫ് 11, എൽ.ഡി.എഫ് അഞ്ച് എന്നതാണ് ജില്ലാ പഞ്ചായത്തിലെ കക്ഷിനില.

ജില്ലയിലെ എട്ട് ബ്ളോക്ക് പഞ്ചായത്തുകളിൽ നാലിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും ഭരണം കൈയാളുന്നു. ഇലന്തൂർ, കോന്നി, മല്ലപ്പള്ളി, പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് ആണ് അധികാരത്തിലുളളത്. പന്തളം, പറക്കോട്, റാന്നി ബ്ളോക്കുകളിൽ എൽ.ഡി.എഫ് ഭരിക്കുന്നു. കോയിപ്രം ബ്ളോക്കിൽ യു.ഡി.എഫാണ് വലിയ കക്ഷി.

നാല് നഗരസഭകളിൽ അടൂരിലും പന്തളത്തും എൽ.ഡി.എഫ് ഭരിക്കുന്നു. പത്തനംതിട്ട, തിരുവല്ല നഗരസഭകളിൽ യു.ഡി.എഫാണ് അധികാരത്തിൽ.

കറുത്ത കുതിരകളാകാൻ എൻ.ഡി.എ

ശബരിമല വിവാദത്തിന് ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ.സുരേന്ദ്രൻ ഉഴുതുമറിച്ച മണ്ണിൽ ഇക്കുറി താമരകൾ വിരിയിക്കാനാണ് എൻ.ഡി.എയുടെ പടയൊരുക്കം. നെടുമ്പ്രം, കുറ്റൂർ, കുളനട പഞ്ചായത്തുകളിൽ എൻ.ഡി.എ ഭരണമാണ്. നിരവധി പഞ്ചായത്തുകളിൽ ഭരണം മറിച്ചിടാൻ തക്ക അംഗബലവും ഇപ്പോഴുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല ഗ്രാമ പഞ്ചായത്ത് വാർഡുകളിലും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ജില്ലയിൽ 93 ഗ്രാമ പഞ്ചായത്തംഗങ്ങളും ഒരു ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധിയുമാണ് ബി.ജെ.പിക്കുള്ളത്.

കുശലവും കുടുംബകാര്യങ്ങളും

നാട്ടിൻ പുറങ്ങളിൽ ഇറങ്ങിയാൽ ഇതുവരെ കാണാതെയും മിണ്ടാതെയും പോയ പല നേതാക്കളും കുശലം പറഞ്ഞും കുടുംബകാര്യങ്ങൾ ചോദിച്ചും അടുത്തെത്തുന്നു. തിരഞ്ഞെടുപ്പ് അടുത്തതിന്റെ ചൂട് നിറഞ്ഞ ചിരിയുമുണ്ട്. സോഷ്യൽ മീഡിയകളിൽ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. നേരിട്ടു ചോദിച്ചാൽ പാർട്ടി തീരുമാനം വരട്ടെ എന്നാണ് 'സ്ഥാനാർത്ഥികളുടെ' മറുപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കലിന്റെയും പരിശോധനയുടെയും വെട്ടലിന്റെയും തിരക്കിലാണ് നേതാക്കൾ. വാർഡ്തല കമ്മറ്റികൾ മൂന്ന് മുന്നണികളും സജീവമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തിഗത മികവിന് വോട്ടർമാർ പ്രാധാന്യം നൽകുമെന്ന പൊതു വിലയിരുത്തലിനിടയിലും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയാൻ എൽ.ഡി.എഫ് പ്രവർത്തകർ വീടുകളിലെത്തും. സ്വർണ്ണക്കടത്ത് കേസ് എടുത്തുകാട്ടിയാകും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും മറുപടി.