പത്തനംതിട്ട : കുമ്പഴയിൽ നഗരസഭയുടെ എൻ.യു.എച്ച്.എം ആശുപത്രിയുടെ ഉദ്ഘാടന വേദിയിൽ സംഘർഷം. ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയായതോടെ ഉദ്ഘാടനവേദി സംഘർഷവേദിയായി മാറി. ഇരുഭാഗത്തേയും കൗൺസിലർമാർക്ക് പരിക്ക് പറ്റി. സംഭവത്തിനിടെ താഴെ വീണ നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷിനെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം വൈകിട്ടോടെ മുറിയിലേക്ക് മാറ്റി. റോസ്ലിൻ സന്തോഷിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കു പറ്റിയ മറ്റ് കൗൺസിലർമാരും ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ കഴിയുന്ന ചെയർപേഴ്സണെ ആന്റോ ആന്റണി എം. പി സന്ദർശിച്ചു. പത്തനംതിട്ട നഗരസഭ എൽ.ഡി.എഫ് കൗൺസിലർമാരായ ശോഭാ കെ. മാത്യു, ശുഭ കുമാർ, പി.കെ അനീഷ്, എൽ.ഡി.എഫ് പ്രവർത്തകൻ പി.ആർ പ്രകാശ് എന്നിവർക്ക് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യു.ഡി.എഫ് കൗൺസിലർമാരായ ജാസിംകുട്ടി, സിന്ധു അനിൽ, സജിനി മോഹൻ, കെ.ആർ അരവിന്ദാക്ഷൻ എന്നിവർക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .
ആശുപത്രി ഉദ്ഘാടനം റോസ്ലിൻ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ എ. സഗീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. ജാസിംകുട്ടി, സിന്ധു അനിൽ , കെ.ആർ. അരവിന്ദാക്ഷൻ നായർ, അഡ്വ.റോഷൻ നായർ, രജനീ പ്രദീപ്, സജിനി മോഹൻ, അംബിക വേണു, സുശീല പുഷ്പൻ, ആമിന ഹൈദ്രാലി, ദീപു ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
സംഭവത്തിന്റെ തുടക്കം
പണിപൂർത്തിയാക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതായി ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉദ്ഘാടനം തടയുകയായിരുന്നു. ഇത് യു.ഡി.എഫ് - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കി. ഉദ്ഘാടനത്തിന് കൊണ്ടുവന്ന നിലവിളക്ക് എൽ.ഡി.എഫ് പ്രവർത്തകർ എടുത്തു കൊണ്ടുപോയി. പിന്നീട് മെഴുകുതിരി കത്തിച്ച് ഭരണകക്ഷി അംഗങ്ങൾ ഉദ്ഘാടനം നടത്തി. ഇതിനിടെയാണ് ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് കുഴഞ്ഞു വീണത്. ബഹളത്തെ തുടർന്ന് പത്തനംതിട്ടയിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയിരുന്നു.ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം. എൽ.ഡി.എഫ് നേതാക്കളായ ടി. സക്കീർ ഹുസൈൻ , പി. കെ. അനീഷ്, അമൃതം ഗോകുലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ എത്തിയത്.
എൻ.യു.എച്ച്.എം ആശുപത്രി
കുമ്പഴ മാർക്കറ്റിന് സമീപമാണ് എൻ.യു.എച്ച്.എം ആശുപത്രിയുടെ പുതിയ കെട്ടിടം നഗരസഭ ചെലവിൽ പണിതത്. 45 ലക്ഷം രൂപാ മുടക്കിയാണ് ഇരുനില കെട്ടിടം നിർമ്മിച്ചത്. ലബോറട്ടറി, ഫാർമസി, സ്റ്റോർ, സ്റ്റാഫ് റൂം, ഓഫീസ് എന്നീ സൗകര്യങ്ങളുണ്ട്. നിലവിൽ കുമ്പഴയിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
"തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് തടഞ്ഞത്. ഡോക്ടർമാരോ നഴ്സുമാരോ ഒന്നും ഇല്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയാനുള്ള ശ്രമമായിരുന്നു. അഴൂർ ആയൂർവേദ ആശുപത്രി, ശബരിമല ഡോർമെറ്ററി, എൻ.യു.എച്ച്.എം ആശുപത്രി ഇവയൊന്നും പൂർത്തീകരിച്ചിട്ടില്ല. വെറുതേ ഉദ്ഘാടനം മാത്രം നടത്തുകയാണ്. അതിനെതിരെയാണ് എൽ.ഡി.എഫ് പ്രതിഷേധിച്ചത്. "
പി.കെ.അനീഷ്
(പ്രതിപക്ഷ നേതാവ്)
"യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ് എൽ.ഡി.എഫ് പ്രതിഷേധവുമായി എത്തിയത്. നിലവിലെ കെട്ടിടം ഒഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചില്ലെങ്കിൽ ആശുപത്രി പ്രവർത്തിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് വരുന്നതിനാൽ പിന്നീട് ഉദ്ഘാടനം നടത്തിയാൽ അത് ചട്ട ലംഘനമാകും. അതുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. നിലവിലുള്ള ആശുപത്രിയിലെ ഉപകരണങ്ങൾ ഇങ്ങോട്ട് മാറ്റിയാൽ മതി. "
എ. സഗീർ
(വൈസ് ചെയർപേഴ്സൺ)
ഉദ്ഘാടനത്തിന്റെ രേഖാ മൂലമുള്ള അറിയിപ്പുകൾ ഒന്നും ദേശീയ ആരോഗ്യ മിഷന് ലഭിച്ചിരുന്നില്ല. നഗരസഭയുടെ കെട്ടിടം ആയതിനാൽ അധികൃതർ ആരും ഇവിടം സന്ദർശിച്ചിട്ടും ഇല്ല.