1

കടമ്പനാട് : ഒരു കാലഘട്ടത്തിന്റെ സ്മരണകളെ വിളിച്ചുണർത്തി കടമ്പനാട്ട് വീണ്ടും സൈറൺ മുഴങ്ങി. കടമ്പനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുറ്റത്ത് വർഷങ്ങളായി കേടായി നശിച്ചുകൊണ്ടിരുന്ന സൈറൺ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി വീണ്ടെടുക്കുകയായിരുന്നു.

സൈറണിന്റെ സമയക്രമം പാലിച്ച് ജീവിച്ചിരുന്ന ഒരുകാലം കടമ്പനാടിന് ഉണ്ടായിരുന്നു. വാച്ച് അപ്രാപ്യമായിരുന്ന ആ കാലത്ത് നിഴൽ നോക്കി നേരം തിട്ടപ്പെടുത്തിയിരുന്ന ജനതയ്ക്കായി ഗ്രാമ പഞ്ചായത്താണ് സമയത്തിന്റെ ശബ്ദം സ്ഥാപിച്ചത്.

രാവിലെ 5 , 8 , 10 , ഉച്ചയ്ക്ക് 1 മണി , 3 മണി, വൈകിട്ട് 5 മണി, രാത്രി 10 മണി തുടങ്ങിയ സമയങ്ങളിലായിരുന്നു സൈറൺ മുഴങ്ങിയിരുന്നത്. സൈറൺ കേട്ടുണർന്നവർ സൈറൺ കേട്ടാണ് ജോലിക്ക്പോയിരുന്നതും ഉച്ചയൂണിന് കയറിയിരുന്നതുമെല്ലാം . ആറ് കിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാമായിരുന്നു. കടമ്പനാടുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലുളളവരും ഈ സൈറണിന്റെ സമയപാലകരായിരുന്നു. കാലാന്തരത്തിൽ കൈത്തണ്ടയിൽ വാച്ചും ചുവരിൽ ക്ളോക്കും
ഇടംപിടിച്ചതോടെ സൈറണിന് ചെവി കൊടുക്കാൻ പലരും മടിച്ചു. കേട്ടറിഞ്ഞ സമയം കണ്ണുകളിൽ ഇടംതേടിയപ്പോൾ സൈറണിന്റെ വിളിയൊച്ച കേൾക്കാൻ ആളില്ലാതായി. ക്രമേണ ആ ശബ്ദവും നിലച്ചു. എങ്കിലും ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി സൈറണ.ും അതുറപ്പിച്ചിരുന്ന 50 അടിയോളം പൊക്കമുളള, ചുടുകട്ടകൊണ്ട് കെട്ടിപൊക്കിയ സ്റ്റാൻഡും അവിടെ തന്നെനിന്നു.

പഞ്ചായത്തോഫീസിന്റെ നവീകരണത്തോടനുബന്ധിച്ച് പ്രത്യേകാനുമതി വാങ്ങിയാണ് ഭരണസമിതി സൈറൺ നവീകരി ച്ചത്. ഇനിയിത് പഴയ സമയ ക്രമമനുസരിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായി മുഴങ്ങും. സെൈറണിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ് കുമാർ നിർവ്വഹിച്ചു.