 
ചിലങ്ക - വൈ.എം.സി.എ റോഡ് നവീകരണം തുടങ്ങി
തിരുവല്ല: നഗരത്തിലെ ചിലങ്ക ജംഗഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി. മാത്യു ടി.തോമസ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം ആരംഭിച്ചത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ടാറിംഗ് ജോലികൾ പൂർത്തിയാക്കുക. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം റോഡ് പൊട്ടിപ്പൊളിയുന്ന പ്രശ്നം പരിഹരിക്കാൻ നിലവിലെ കലുങ്ക് മാറ്റി പണിയുന്ന ജോലികളാണ് ആദ്യം തുടങ്ങിയത്. ലഭ്യമാകുന്ന പരമാവധി വീതിയിലും 800 മീറ്റർ നീളത്തിലുമാണ് റോഡ് നിർമ്മിക്കുക. ഓടയും നടപ്പാതയുമെല്ലാം റോഡിൽ സജ്ജമാക്കും. കുറേഭാഗത്ത് ഇന്റർലോക്ക് ടൈലുകൾ സ്ഥാപിക്കും. തേവർകുഴിയിൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്. പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എം.എൽ.എ യോടൊപ്പം സ്ഥലത്ത് പരിശോധന നടത്തി നിർദ്ദേശങ്ങൾ നൽകി. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് നീക്കിവെച്ചിരുന്ന തുകയാണ് ഈ റോഡിന് ചെലവിടുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിന് എം.പി ഫണ്ട് ലഭ്യമാകുന്ന സാഹചര്യത്തിലാണ് തുക മാറ്റി പണികൾ നടത്തുന്നത്. ഏറെനാളായി പൊട്ടിപ്പൊളിഞ്ഞു യാത്രക്കാർക്ക് ദുർഘടമായിരുന്ന പാത പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. നിർമ്മാണം അവസാനഘട്ടത്തിലായ തിരുവല്ല ബൈപ്പാസിലേക്കുള്ള റോഡിൽ നിന്നും പ്രവേശിക്കാം എന്നതിനാൽ ടൗണിലെ ഗതാഗത കുരുക്കിന് കൂടുതൽ ശമനമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
ഗതാഗതം നിരോധിച്ചു
ചിലങ്ക - വൈ.എം.സി.എ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ വഴികളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
-3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും