പത്തനംതിട്ട: മൂന്നര പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത പെരുനാട് പഞ്ചായത്തിലെ കോൺഗ്രസിൽ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മുക്കം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗം പി.ജി ശോഭന, മുൻ അംഗം യമുനാ മോഹൻ തുടങ്ങിയവർ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. ബീനാ സജിയും ശോഭനയും പഞ്ചായത്ത് അംഗത്വവും രാജിവച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലുണ്ടായ കടുത്ത ഗ്രൂപ്പ് പോരാണ് രാജിയിൽ കലാശിച്ചത്. എ, െഎ ഗ്രൂപ്പുകൾ ഒാരോ വാർഡിലും പ്രത്യേകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാജിവച്ച അംഗങ്ങൾ െഎ വിഭാഗത്തിൽ പെട്ടവരാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ പ്രസിഡന്റും അംഗവും രാജിവച്ചത് കോൺഗ്രസിന് തിരിച്ചടിയായി. ഇത്തവണ പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായതിനാൽ, തുടർ ഭരണം ലഭിച്ചാൽ പ്രസിഡന്റാകാൻ നേതാക്കളുടെ വലിയ നിര രംഗത്തുണ്ട്.

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന പെരുനാട്ടിൽ അവിശ്വാസത്തിലൂടെ സ്വന്തം പാർട്ടിക്കാരനായ വി.കെ വാസുദേവനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച നാല് കോൺഗ്രസ് പഞ്ചായത്തംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.

15അംഗങ്ങളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 11 സീറ്റുകൾ നേടിയാണ് അധികാരത്തിൽ വന്നത്. 35 വർഷം അധികാരത്തിലിരുന്ന എൽ.ഡി.എഫിന് മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

സ്വീകരണം നൽകി

പത്തനംതിട്ട: കോൺഗ്രസിൽ നിന്ന് രാജി വച്ച ബീനാ സജിയെയും ശോഭനയെയും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പാർട്ടി ഒാഫീസിൽ മാലയിട്ട് സ്വീകരിച്ചു. ജില്ല കമ്മിറ്റി അംഗം പി.എസ് മോഹനൻ, എൽ.സി സെക്രട്ടറി റോബിൻ കെ. തോമസ്. ഏരിയാ കമ്മിറ്റി അംഗം അഡ്വ വി. ജി സുരേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ അനിൽകുമാർ,പി.എം ഷാജി, കെ.എസ് ഗോപി, ഡി.വൈ.എഫ്.ഐ അംഗങ്ങളായ ശരത് ഷാജി, അശ്വിൻ മോഹൻ എന്നിവർ പ്രസംഗിച്ചു.