കോന്നി: ആവണിപ്പാറ ട്രൈബൽ സെ​റ്റിൽമെന്റിൽ നാളെ വെളിച്ചമെത്തും. പട്ടികവർഗ വകുപ്പിൽ നിന്നും 1.57 കോടി രൂപ അനുവദിച്ചാണ് വനത്താൽ ചു​റ്റപ്പെട്ട കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജു സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തും.

6.8 കിലോമീ​റ്റർ കേബിൾ സ്ഥാപിച്ച്

6.8 കിലോമീ​റ്റർ കേബിൾ സ്ഥാപിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീ​റ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളും, മൂഴി മുതൽ കോളനിയ്ക്ക് മറുകരയിൽ അച്ചൻകോവിൽ ആറിന്റെ തീരം വരെയുള്ള അഞ്ച് കിലോമീ​റ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും, കോളനിയ്ക്കുള്ളിലുമായി ഒരു കിലോമീ​റ്റർ ദൂരം എൽ.​ടി. എ.ബി.സി കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. കോളനിയ്ക്കുള്ളിൽ ട്രാൻസ്‌ഫോർമർ സ്​റ്റേഷന്റെ നിർമ്മാണവും പൂർത്തിയാക്കി. കോളനിയ്ക്കുള്ളിൽ 35 സ്ട്രീ​റ്റ് ലൈ​റ്റുകൾ സ്ഥാപിച്ചു.

33 കുടുംബങ്ങൾക്ക് പ്രയോജനം


കോളനിയിലെ 33 വീടുകൾക്കും അങ്കണവാടിക്കും കണക്ഷൻ നല്കി. ചേമ്പാല ഫോറസ്​റ്റ് സ്​റ്റേഷനും കണക്ഷൻ നല്കും.വീടുകൾക്കുള്ള വയറിംഗ് ജോലികൾ ‌പഞ്ചായത്ത് നടത്തി. 0.272 ഹെക്ടർ വനഭൂമി വൈദ്യുതി എത്തിക്കുന്നതിനായി നിബന്ധനകൾക്കു വിധേയമായി വനം വകുപ്പിൽ നിന്നും വിട്ടു നല്കി.


വനത്താലും,ഒ​റ്റപ്പെട്ടു പോയ സമൂഹത്തിന് പാലം നിർമ്മിച്ചു നല്കുന്നതുൾപ്പടെയുള്ള തുടർ വികസന പദ്ധതികളും ഏ​റ്റെടുത്തു നടപ്പിലാക്കും.

കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)