ചെങ്ങന്നൂർ: പാണ്ടനാട് തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും അനധികൃത മദ്യവില്പന വ്യാപകം. ആവശ്യക്കാർ ഫോണിലൂടൈ ബന്ധപെട്ടാൽ മാത്രം മതി. മദ്യം പറയുന്ന സ്ഥലത്ത് എത്തിച്ച് നല്കും. ഇതിനായി പ്രത്യേക ഏജന്റുമാരും രംഗത്തുണ്ട്. ബെബ്‌കോ ആപ്പിൽ കൂടിയും, അല്ലാതെയും ബിവറേജിൽ നിന്നും, ബാറിൽ നിന്നുമാണ് ഇവർ മദ്യം വാങ്ങുന്നത്. അര ലിറ്ററിന് 500 മുതൽ 600 രൂപാ എന്ന കണക്കിനാണ് ഇത് പുറത്ത് വില്ക്കുന്നത്. ആവശ്യക്കാരിൽ നിന്നും ചെറിയ ലാഭം മാത്രമാണ് ഈടാക്കുന്നത്.മൂന്നും നാലും പേർ ചേർന്ന് പണം വീതിച്ചാണ് മദ്യം വാങ്ങുന്നത്. പിന്നീട് കിട്ടുന്ന ലാഭം തുല്യമായി വീതിച്ചെടുക്കുകയാണ് പതിവ്. വാങ്ങി ഉപയോഗിക്കുന്നവർ പറയുന്നത് ബാറിലോ ,ബിവറേജസിലോ പോകേണ്ടതില്ല, ഏത് ബ്രാന്റാണെന്നു പറഞ്ഞാൽ മാത്രം മതി വീട്ടുമുറ്റത്ത് സാധനമെത്തുമെന്ന്. വിശേഷ ദിവസങ്ങളിലാണ് ഇവരുടെ സേവനം കൂടുതൽ വേണ്ടിവരിക.

അരലിറ്ററിന്റെ ചാകര

ലോക് ഡൗണും, കൊവിഡ് ആയതു കാരണം ജോലി നഷ്ടപെട്ടവരും കൂലിപ്പണിയ്ക്ക് പോയിരുന്നവരുമാണ് ഇവരിലേറെപ്പേരും. കൂലിപ്പണിക്കു പോലും ഇപ്പോൾ ആരും വിളിക്കുന്നില്ലെന്ന് ഇവരിൽ ചിലർ പറയുന്നു. ബ്രാണ്ടി, വിസ്‌കി ,റം എന്നീ ബ്രാന്റുകളാണ് ബിവറേജിലും ,ബാറുകളിൽ നിന്നുമായി വാങ്ങുന്നത്. ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇത് അരലിറ്റർ വീതമുള്ള 6 കുപ്പികളിൽ ലഭിക്കും. ഇത് വില്പനയ്ക്ക് ഏറെ സൗകര്യപ്രദമാണെന്ന് കച്ചവടക്കാർ പറയുന്നു.

വാറ്റും സുലഭം


പാണ്ടനാട് പഞ്ചായത്തിലെ മുറിയായിക്കര, കുത്തിയതോട് ഭാഗങ്ങളിൽ ആൾതാമസമില്ലാത്ത ചില വീടുകളിലും വിജനമായ പുരയിടവും കേന്ദ്രീകരിച്ച് ചാരായം വാറ്റും, വ്യവസായവും നടക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഒന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിനു സമീപം സന്ധ്യ കഴിഞ്ഞാൽ മദ്യപരുടെ ശല്യമുള്ളതായും നാട്ടുകാർ പരാതി പറയുന്നു. പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-അര ലിറ്റർ മദ്യത്തിന് 500 മുതൽ 600 രൂപാ വരെ