പത്തനംതിട്ട- കടമ്മനിട്ടക്കവിതകളിലെ കഥാപാത്രങ്ങളാണ് ഇൗ ശിൽപങ്ങൾ.വിൽപനയ്ക്കാണിവ. വരുവിൻ.... വാങ്ങുവിൻ ആദായ വിൽപന.....
കടമ്മനിട്ട കാവ്യശിൽപ സമുച്ചയത്തിലെ നാടകത്തിലായിരുന്നു കച്ചവടക്കാരന്റെ ഇൗ വാക്കുകൾ. കവിത വേണ്ടാത്ത കാലത്ത് കാവ്യ ശിൽപങ്ങൾ വിൽക്കാനൊരുങ്ങുന്നവരെയും അത് തടയുന്ന കടമ്മനിട്ടക്കവിതയിലെ കുറത്തിയും കാട്ടാളനുയിരുന്നു നാടകത്തിന്റെ പ്രമേയം. പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കടമ്മനിട്ടയിലേക്കൊരു കാവ്യയാത്ര പരിപാടിയിലാണ് മനോജ് സുനിയും കടമ്മനിട്ട മഹേഷും നാടകം അവതരിപ്പിച്ചത്. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കടമ്മനിട്ടയുടെ ദേവീസ്തവം എന്ന കവിത ചൊല്ലിയായിരുന്നു യാത്രയുടെ തുടക്കം. കടമ്മനിട്ടയുടെ സർഗ ജീവിതത്തിന് വഴിതെളിച്ച മുല്ലശേരിക്കുളവും ഇളപ്പുങ്കൽ മാവിൻ ചുവടും അമ്പലച്ചിറയും പടേനിഗ്രാമവും സന്ദർശിച്ച് കവിതകൾ ചൊല്ലി. കടമ്മനിട്ട ഗോത്രകലാ കളരിയിലെ അംഗങ്ങൾ പടയണിപ്പാട്ട് പാടി. പടേനി ആചാര്യൻ പ്രൊഫ..കടമ്മനിട്ട വാസുദേവൻ പിള്ളയെയും കവി കോന്നിയൂർ ബാലചന്ദ്രനെയും ആദരിച്ചു. കവിയോടൊപ്പം പങ്കിട്ട അനുഭവങ്ങൾ അവർ പങ്കുവച്ചു. ദേശത്തുടി ഭാരവാഹികളായ വിനോദ് ഇളകൊള്ളൂർ, അനിൽ വള്ളിക്കോട്, മനോജ് സുനി, രാജേഷ് ഒാമല്ലൂർ എന്നിവർ നേതൃത്വം നൽകി. കടമ്മനിട്ട എം.ആർ..ഗോപിനാഥൻ, സന്ദീപ് പുലിത്തിട്ട, കലാധരൻ, രാജേഷ് കടമ്മനിട്ട, ഗംഗ ജി. പണിക്കർ, പത്മജ് പി. കുമാർ, കണ്ണൻ, അനഘ എന്നിവർ കാവ്യയാത്രയിൽ പങ്കെടുത്തു.