അടൂർ : അടിമുടി മാറാൻ ഒരുങ്ങുന്ന അടൂർ റവന്യൂടവറിന്റെ നിർമ്മാണ പുരോഗതി ചിറ്റയം ഗോപകുമാർ എം. എൽ. എ, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല സംഘം വിലയിരുത്തി. നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേ അത്യാവശ്യമായി നടപ്പാക്കേണ്ട കാര്യങ്ങളും സംഘം വിലയിരുത്തി. അഞ്ച് നിലയിലുള്ള കെട്ടിടത്തിനുള്ളിൽ മതിയായ വായൂ സഞ്ചാരമില്ലാത്തതാണ് ഏറ്റവും വലിയ കുറവെന്ന് സംഘം കണ്ടെത്തി. ഇതിനായി പ്രധാന ജനാലകൾ വായു കടക്കത്തക്കവിധം ചാനൽ ഉപയോഗിച്ച് നീക്കം ചെയ്യാവുന്ന വിധമാക്കും. കെട്ടിടത്തിനുള്ളിൽ തുറസ്സായ സ്ഥലത്ത് വെളിച്ചം കയറത്തക്കവിധത്തിലുള്ള റൂഫിനു മുകളിൽ കാറ്റിന്റെ ഗതിക്കനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന ഫാനുകൾ സ്ഥാപിക്കും. ഡ്രെയിനേജ് ലൈനുകളുടേയും അഞ്ച് നിലകളിലായുള്ള 66 ടോയ്ലെറ്റുകളുടേയും നവീകരണമാണ് ഇപ്പോൾ നടന്നു വരുന്നത്. ഒപ്പം കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ ചോർച്ച മാറ്റും. കെട്ടിടം പെയിന്റടിച്ച് നവീകരിക്കുക, പുറത്തെ മുറ്റം പൂട്ടുകട്ട ഉപയോഗിച്ച് വൃത്തിയാക്കുക എന്നീ നിർദ്ദേശവും സംഘം നൽകി. 59 ലക്ഷം രൂപ ചെലവഴിച്ച് ഹൗസിംഗ് ബോർഡ് നേരിട്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹൗസിംഗ് ബോർഡ് ടെക്നിക്കൽ മെമ്പർ പ്രതാപ്, ചീഫ് എൻജിനിയർ കെ. പി. കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ ശോശാമ്മ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ രാധാമണി, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, അസി. സെക്രട്ടറി ഡി. സജി, അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.