പത്തനംതിട്ട : ഹെൽമെറ്റില്ലെങ്കിൽ ഒരു തവണ രക്ഷപ്പെട്ടവരുണ്ടോ. എന്നാൽ കരുതിയിരുന്നോളു അടുത്ത തവണ ലൈസൻസിൽ പിടിവീഴും. തുടക്കം ആയത് കൊണ്ടാണ് അല്പം വിട്ടുവീഴ്ച. ഒരു മാസം കഴിഞ്ഞാൽ പിന്നെ അതും പ്രതീക്ഷിക്കണ്ട. ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം നിരത്തിലിറക്കിയാൽ പിഴയോടൊപ്പം മൂന്ന് മാസത്തേക്ക് ലൈസൻസും കട്ട് ആക്കും. രണ്ട് ദിവസം കൊണ്ട് 39 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ മാസം ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ ആയെങ്കിലും ആളുകൾ നിസംഗ മനോഭാവമാണ് കാട്ടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ അനുസരിക്കാറുണ്ട്. മറ്റു ചിലർ ശ്രദ്ധിക്കാറേയില്ല. ലൈസൻസ് കട്ട് ആയി തുടങ്ങുമ്പോഴെ ആളുകൾ മനസിലാക്കുകയുള്ളു. ചിലർ റോഡുകളെ കുറിച്ച് പറയും. അതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 19500 രൂപയാണ് രണ്ട് ദിവസം കൊണ്ട് പിഴ ലഭിച്ചത്. റോഡ് അപകടങ്ങൾ ഉണ്ടായികഴിഞ്ഞ് ഹെൽമെറ്റുണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ജില്ലയിൽ ലോക്ക് ഡൗണിൽ അപകടങ്ങൾ കുറഞ്ഞിരുന്നു. ഇളവ് വരുത്തിയതിന് ശേഷം അത് വീണ്ടും വർദ്ധിക്കുകയാണ്.
"മദ്യപിച്ച് വാഹനം ഓടിച്ചാൽ ആറുമാസവും ഹെൽമെറ്റില്ലാതെ സഞ്ചരിച്ചാൽ മൂന്ന് മാസവും ഉറപ്പായും ലൈസൻസ് കട്ട് ആക്കും. കർശന നടപടികളുമായി മുമ്പോട്ട് പോകാനാണ് ശ്രമം. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നതും കുറ്റകരമാണ്.
പി.ആർ.സജീവ്
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ