adoor-ammachiveedu

പത്തനംതിട്ട: ആഹാര സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന് സ്മാരകം സ്ഥാപിച്ച് സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ് ബിനു വർഗീസ്. അടൂർ പെരിങ്ങനാട്ടെ അമ്മച്ചി വീടിന്റെ മുറ്റത്താണ് സ്മാരകം. രാവിലെ മൺ പാത്രത്തിൽ പഴങ്കഞ്ഞി, ഉച്ചയ്ക്ക് വാഴയിലയിൽ ചോറ്, കപ്പ, മീൻകറി, ഇറച്ചി, കൂട്ടുകറികൾ. സമീപത്തെ കലവറയിൽ ഇവ കരുതിയിട്ടുണ്ടാവും. ഭക്ഷണത്തിന് വകയില്ലാത്തവർക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഇവിടെനിന്ന് ആഹാരം എടുത്തുകഴിക്കാം. ഇരുന്നു കഴിക്കാൻ സൗകര്യവുമുണ്ട്.

വിശന്നലഞ്ഞ മധുവിന്റെ ദാരുണാന്ത്യമുണ്ടാക്കിയ വേദനയാണ് സ്മാരകം നിർമ്മിച്ച് വിശക്കുന്നവർക്ക് ആഹാരം നൽകാൻ പ്രേരിപ്പിച്ചതെന്ന് മല്ലയിൽ ബിനു വർഗീസ് പറഞ്ഞു. രാവിലെ ഒൻപതിന് കലവറ തുറക്കുന്നത് സ്മാരകത്തിൽ മധുവിന്റെ ഫോട്ടോയ്ക്കുമുന്നിൽ വിളക്കുകൊളുത്തി തൊഴുത ശേഷമാണ്. മർദ്ദനമേറ്റ മധു ചോരയൊലിച്ച് മുഷിഞ്ഞ വേഷത്തോടെ നിൽക്കുന്ന ദയനീയ മുഖമാണ് ചിത്രത്തിൽ.

പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ഒരുക്കിയ ഭക്ഷണശാലയായ അമ്മച്ചിക്കടയും സമീപത്തുണ്ട്. ഇവിടെ പണം കൊടുത്ത് ആഹാരം കഴിക്കാം. വെള്ളച്ചാട്ടവും പൂന്തോട്ടവും ഒൗഷധ സസ്യങ്ങളും മരങ്ങളുമുള്ള മിനിപാർക്കിൽ ഒാല കൊണ്ടുണ്ടാക്കിയ ഹട്ടുകളിലാണ് അമ്മച്ചിക്കട. നിർദ്ധനരായവർക്ക് ഇവിടെ കല്ല്യാണവും ജന്മദിനങ്ങളും വാടക കൊടുക്കാതെ ആഘോഷിക്കാം. അനാഥ മന്ദിരങ്ങളിൽ ഉൾപ്പെടെ സൗജന്യമായി ബിനുവിന്റെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നു. പ്രദേശത്തെ 10 പേർ ഇവിടെ തൊഴിൽ ചെയ്യുന്നു. അടുക്കളയുടെ പഴമ പരിചയപ്പെടുത്തുന്ന മണ്ണുകൊണ്ട് ഉണ്ടാക്കിയ അടുപ്പ്, അരകല്ല്, ഉലക്ക, വച്ചൂറ്റി തുടങ്ങിയവ പ്രദർശനത്തിനുണ്ട്.

ബിനുവിന്റെ പിതാവ് പൊതുപ്രവർത്തകനായിരുന്ന വർഗീസ് മല്ലയിൽ പ്രദേശത്തെ നിർദ്ധനർക്ക് ഭക്ഷണം എത്തിച്ചിരുന്നു. ഭാര്യ അന്നമ്മ വർഗീസ് അടൂരിൽ ഹോട്ടൽ തുടങ്ങി. അവരുടെ മരണശേഷം ഹോട്ടൽ ഏറ്റെടുത്ത ബിനു വർഗീസ് അമ്മയുടെ ഒാർമ്മയ്ക്കാണ് കടയ്ക്ക് അമ്മച്ചിക്കട എന്നു പേരിട്ടത്. വീട്ടുപേര് അമ്മച്ചിവീട് എന്നുമാക്കി.

മറക്കില്ല മധുവിനെ

അട്ടപ്പാടി കടുക്മണ്ണ് ആദിവാസി കോളനി നിവാസിയായിരുന്നു മധു (27). 2018 ഫെബ്രുവരി 22ന് ഒരു കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന പേരിൽ ആൾക്കൂട്ടം തല്ലിച്ചതച്ച് പൊലീസിനു കൈമാറി. അഗളി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.