തിരുവല്ല: സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങൾ നീണ്ടുപോയ പനച്ചമൂട്ടിൽ കടവ്, ഓട്ടാഫീസ് കടവ് പാലങ്ങൾ ഒടുവിൽ പൂർത്തിയായി. ഇരുപാലങ്ങളുടെയും ഉദ്ഘാടനം ഇന്ന് നടക്കും. പനച്ചമൂട്ടിൽ കടവ് പാലം ഇന്ന് രാവിലെ 11.30ന് തെങ്ങേലി ഈരാടിച്ചിറ സാംസ്ക്കാരിക നിലയത്തിൽ മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലി-വെൺപാല കരകളെ തമ്മിൽ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെയാണ് പാലം നിർമ്മിച്ചിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി - വെൺപാല കരകളെ തമ്മിൽ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമ്മിച്ച ഓട്ടാഫീസ് കടവ് പാലം ഇന്ന് വൈകിട്ട് 5ന് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്യും.ഓട്ടാഫീസ് കടവ് എസ്.എൻ,ഡി.പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.