ചെങ്ങന്നൂർ : സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതിക്കും കുട്ടികൾക്കും തുണയായി എത്തിയത് നഗരസഭാ ചെയർമാൻ. ഇന്നലെ രാവിലെ പുലിയൂർ വില്ലേജ് ഓഫീസിനു സമീപം ചെങ്ങന്നൂർ മാവേലിക്കര റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടർ യാത്രക്കാരായ തിങ്കളാമുറ്റം ശ്രീസദനത്തിൽ സ്മിത ദീപക് (38), മക്കളായ കീർത്തന ദീപക് (10),കാർത്തിക് ദീപക് (7)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ചെങ്ങന്നൂരിൽ നിന്നും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പരുക്കേറ്റവരെ ചെയർമാന്റെ വാഹനത്തിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാഹനം എത്തുന്നതിന് മുൻപുതന്നെ വേണ്ട സജ്ജീകരണങ്ങൾ ഫോണിലൂടെ വിളിച്ച് ഏർപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവരുടെ ബന്ധുക്കളെയും വിവരം അറിയിച്ചു. കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടയിൽ ഔദ്യോഗിക തിരക്കിനിടയിൽ ഏഴ് അപകടങ്ങളിലായി 15 പേരെയാണ് ചെയർമാനും ഡ്രൈവർ നിതിൻ ജോർജ്ജും ചേർന്ന് വിവിധ ആശുപത്രികളിലെത്തിച്ചത്. ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ നാല് അപകടങ്ങളിലും ആലപ്പുഴയിലും ചങ്ങനാശേരിയിലും തിരുവനന്തപുരത്തും ഔദ്യോഗിക യാത്രക്കിടയിലുമാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പരുക്കേറ്റവരെ തൊടാനോ വാഹനത്തിൽ കയറ്റാനോ പലരും മടിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ചെയർമാൻ മാതൃകയാകുന്നത്.