പത്തനംതിട്ട : ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സംസ്ഥാന സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി നിലാവ്, ടേക്ക് എ ബ്രേക്ക്, ശബരിമല പ്രത്യേക ഫണ്ട് പ്രോജക്ട് എന്നിവയും മറ്റ് അടിയന്തര പ്രൊജക്ടുകൾ എന്നിവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചിട്ടുള്ള പരിഷ്‌ക്കരിച്ച വാർഷിക പദ്ധതികൾക്ക് ഡി.പി.സിയിൽ നിന്ന് അംഗീകാരം ലഭിച്ചു.
15 ഗ്രാമ പഞ്ചായത്തുകളുടെയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും വാർഷിക പദ്ധതി ഭേദഗതിക്കാണ് ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂർണ്ണാദേവിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറസിലൂടെ നടന്ന യോഗത്തിൽ അംഗീകാരം നൽകിയത്.
എല്ലാ പ്രൊജക്ടുകളും സമയബന്ധിതമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് യോഗം നിർദ്ദേശം നൽകി. യോഗത്തിൽ എ.ഡി.എം അലക്‌സ്.പി മാത്യു, ഡി.പി.സി അംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി.മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.