kerala-police

പത്തനംതിട്ട : രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ് മറ്റൊരു അതുല്യ നേട്ടംകൂടി. സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ ജില്ലാപൊലീസ് മേധാവി ഉൾപ്പെടെ ജില്ലാ പൊലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിന്റെ അംഗീകരമായാണ് ബാഡ്ജ് ഒഫ് ഓണർ ഉത്തരവായത്. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണു പുറമെ ജില്ലാപൊലീസ് അഡീഷണൽ എസ് പി എ.യു. സുനിൽകുമാർ, ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിലെ എസ്‌.ഐ പി.ബി. അരവിന്ദാക്ഷൻ നായർ, എസ്. സി.പി.ഒമാരായ അനൂപ് മുരളി, ആർ.ആർ.രാജേഷ് എന്നിവരാണ് പുരസ്‌കാരം നേടിയത്.
കൂടത്തായി കേസിന്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായിരുന്നു കെ.ജി. സൈമൺ. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അംഗീകാരമായാണ് ജില്ലാ പൊലീസ് അഡിഷണൽ എസ്.പിക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടി റൂമുകളിൽ ക്യുആർ കോഡിന്റെ ഉപയോഗമടക്കം സ്മാർട്ട് ആക്കുന്നതിനും ഇൻഫർമേഷൻ റിപ്പോർട്ട് ഡോക്യുമെന്റേഷൻ ആവശ്യത്തിലേക്ക് വെബ് പോർട്ടൽ വികസിപ്പിച്ചതിനുമാണ് അരവിന്ദാക്ഷൻ നായർക്കും അനൂപ് മുരളിക്കും ആർ.ആർ.രാജേഷിനും പുരസ്‌കാരം ലഭിച്ചത്.