ചെങ്ങന്നൂർ: രൂക്ഷമായ കയ്യേറ്റത്താൽ വിസ്മൃതിയിലായ ഉത്തരപ്പള്ളിയാർ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ സന്ദർശിച്ചു.
ചെങ്ങന്നൂർ താലൂക്കിൽ അച്ചൻകോവിൽ ആറ്റിൽ നിന്ന് തുടങ്ങി ഏകദേശം 18 കി.മീ ഒഴുകി പമ്പയാറ്റിൽ എത്തുന്ന ഉത്തരപ്പള്ളിയാർ പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു
അദ്ദേഹത്തിന്റെ സന്ദർശനം.
ചില പ്രദേശങ്ങളിൽ 60 തും അധിലധികം മീറ്റർ വീതിയുണ്ടായിരുന്ന ഉത്തരപ്പളളിയാറ് ഇപ്പോൾ ഒരു കനാലിനു സമാനമാണ്. പുഴ മുഴുവനായും കയ്യേറി ആറിന്റെ മധ്യത്തിൽ വീട് വച്ചിരിക്കുന്നു. പുഴ ഒഴുകുന്ന അവശേഷിപ്പുകളിൽ അത്രയും മലിനമാണ്. ശുദ്ധമാക്കുകയും വൃത്തിയുള്ളതാക്കുകയും ജൈവ വൈവിദ്ധ്യം ഉറപ്പാക്കുകയും ചെയ്യുന്ന പുഴയുടെ വീണ്ടെടുപ്പ് എത്രയും വേഗത്തിൽ സാധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരപ്പള്ളിയാർ കയ്യേറ്റം സംബന്ധിച്ച് 2018 ഡിസംബറിൽ ഹൈക്കോടതി യുടെ ഉത്തരവിൽ ലാന്റ് കൺസർവെൻസി ആക്ട് പ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്തി പുഴയുടെ ഭൂമി മുഴുവൻ പുഴയ്ക്ക് തിരിച്ചു നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ നടപടി ആയിട്ടില്ല.
ഹൈക്കോടതിയുടെ വിധി നടപ്പാക്കി ആറ് വീണ്ടെടുക്കാൻ സംസ്ഥാന റവന്യൂ വകുപ്പ് നടപടികൾ താമസിപ്പിക്കുന്നതിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്ന് റൂറൽ ഡവലപ്പ്‌മെന്റ് ആന്റ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി വി.എസ് ഗോപാലകൃഷ്ണൻ പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി കെ.കെ തങ്കപ്പക്കുറുപ്പ്, സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ റെജി പള്ളത്ത്, എം.ബി ബിനു കുമാർ തുടങ്ങിയവർ സി.ആർ.നീലകണ്ഠനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പുഴയുടെ പുനരുജ്ജീവനമെന്നത് കുടിവെള്ളത്തിന്റെയോ, പരിസ്ഥിതി മലിനീകരണത്തിന്റെയോ മാത്രമല്ല മനുഷ്യന്റെ ജീവന്റെ നിലനില്പിന്റെ കൂടി പ്രശ്‌നമാണ്. ഭൂമിയുടെ രക്തമാണ് വെള്ളം, അത് നാം സംരക്ഷിക്കണം. സി.ആർ നീലകണ്ഠൻ
പരിസ്ഥിതി പ്രവർത്തകൻ